കൊല്ലം: നഗരത്തില്‍ പച്ചത്തുരുത്തുകള്‍ കരിഞ്ഞ് തുടങ്ങി. ഹരിതകേരള മിഷന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നഗരത്തില്‍ സ്ഥാപിച്ച പച്ചത്തുരുത്തുകള്‍ക്കാണ് ഈ ഗതി. പരിചരണമില്ലാത്തതാണ് പ്രധാന കാരണം. ബീച്ചിന് സമീപം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മിച്ച പച്ചത്തുരുത്ത് വലിയ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടനം.
മാലിന്യകേന്ദ്രമായിരുന്ന ഇവിടെയെല്ലാം ശുചിയാക്കിയശേഷം ആദ്യം നിലമൊരുക്കി. പിന്നീട് തൈകള്‍ നട്ടു. ചുറ്റും ജൈവവേലി സ്ഥാപിച്ച് മനോഹരമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വേനല്‍ കടുത്തതോടെ തൈകള്‍ കരിഞ്ഞു തുടങ്ങി. ചുറ്റും പഴയ രീതിയില്‍ മാലിന്യവും അടിഞ്ഞുകൂടി ജൈവവേലി തകര്‍ന്നു.
പച്ചത്തുരുത്ത് ഒരുക്കിയതിന് ശേഷം വേണ്ട പരിചരണം നല്‍കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പച്ചത്തുരുത്തുകളെ സംരക്ഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞിരുന്നത്. നഗരത്തില്‍ 25 സ്ഥലങ്ങളിലാണ് പച്ചത്തുരുത്ത് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിലെ തരിശു സ്ഥലങ്ങള്‍ തനതായ വൃക്ഷത്തൈകളും സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കുന്നതായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: