തൃശൂര്‍: രാമനാമ സങ്കീര്‍ത്തനങ്ങളുടെയും ഉടുക്ക് വാദ്യത്തിന്റെയും അകമ്പടിയോടെ, കൈകളില്‍ ജ്വലിക്കുന്ന തീപ്പന്തവും ശിരസ്സില്‍ ലക്ഷ്മികുംഭവുമായി കുംഭാരസമുദായക്കാര്‍ നിളാനദിയില്‍ നീരാടി പൂജാദികര്‍മ്മങ്ങള്‍ കഴിച്ച് രാമരലക്ഷ്മണ ദര്‍ശനത്തിനായി വടക്കേ നടയിലൂടെ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ എത്തി. നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള കുംഭാര കുടുംബങ്ങള്‍ ഏകാദശിനാളില്‍ വ്രതശുദ്ധിയോടെ വില്വാമലയില്‍ എത്തുന്നതിനു പിന്നില്‍ നിരവധി ഐതിഹ്യങ്ങളും നിലനില്ക്കുന്നു.
പ്രളയാനന്തരം നദിയില്‍ താണ രാമലക്ഷ്മണ വിഗ്രഹങ്ങളെ കരയിലേക്ക് കയറ്റാന്‍ കഴിയാതെ നാട്ടുകാര്‍ വിഷമിച്ചപ്പോള്‍ കുംഭാര സമുദായക്കാര്‍ വിഗ്രഹങ്ങള്‍ മുങ്ങിയെടുത്ത് പ്രതിഷ്ഠ നിര്‍വ്വഹിച്ചുവെന്നും ഹനുമാന്റെ ലങ്കാദഹനത്തെ പുനരാവിഷ്കരിക്കുകയാണ് കുംഭാര സമുദായക്കാരുടെ കാവേറ്റത്തിലൂടെ എന്നും പറയുന്നു. നായാട്ടിനായ് വില്വാമലയില്‍ എത്തിയ കുംഭാരന്മാര്ക്ക് വനത്തില്‍ നിന്ന് ലഭിച്ച രണ്ട് വിഗ്രഹങ്ങള്‍ അവര്‍ പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യമുണ്ട്. ഏഴു വര്‍ഷത്തെ ശ്രീരാമ പൂജയുടെ പുണ്യമാണ് ഒരു തവണ നിളാ നദിയില്‍ നിന്നുള്ള ഈ എഴുന്നള്ളിപ്പിലൂടെ കൈവരിക എന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്ക്കുന്നു.
ഒരു മണ്ഡലകാലം വ്രതം നോറ്റാണ് കുംഭാര സേവകര്‍ വില്വാദ്രിനാഥ ഏകാദശി ദിനത്തില്‍ കാവേറ്റത്തിനായ് ക്ഷേത്രത്തില്‍ എത്തുന്നത്. ശ്രീരാമസ്തുതികളും ഉടുക്കുവാദ്യവും ആണിമെതിയടിയുമായ് ഭക്തിയുടെ അനിര്‍വചനീയമായ കാഴ്ചക്കാണ് വില്വാദ്രിനാഥ തട്ടകം സാക്ഷ്യം വഹിക്കുക. വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നാലമ്പലത്തിനകത്ത് പൂജ ചെയ്യാനുള്ള അവകാശവും കുഭാരസമുദായക്കാര്ക്ക് മാത്രമെന്നതും സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: