കല്‍പ്പറ്റ: പൊതുജനങ്ങള്‍ക്ക് ഉപകാരമാകേണ്ട ഒരു പദ്ധതിയും നടപ്പിലാക്കാതെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും വീണ്ടും വാഗ്ദാനങ്ങള്‍ ആവോളം നല്കുമ്പോള് മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലായിരുന്നെങ്കില്‍ വികസനത്തിന്റെ പറുദീസയായി മാറേണ്ടതായിരുന്നു വയനാട് എന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മല വയല്‍. ജനജീവിതത്തെ ദുസ്സഹമാക്കുന്നവയും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന പല നിയമങ്ങളും വയനാടന്‍ ജനതക്ക്മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ അതിനോടൊപ്പം സഹകരിച്ച് പോകാനാണ് പ്രതിപക്ഷത്തിനിഷ്ടം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോകുമ്പോള്‍ തറക്കല്ലിട്ടെന്ന് വരുത്തി തീര്‍ത്ത മെഡിക്കല്‍ കോളേജ് യാത്ര തുടങ്ങി പല മേഖലകള്‍ സഞ്ചരിച്ച് പിണറായി സര്‍ക്കാറിന്റെ കാലാവധി കഴിയാറായപ്പോള്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി എന്ന ബോര്‍ഡ് വെച്ചിരിക്കുകയാണ്. ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകള്‍ ആക്കുന്ന പദ്ധതി രണ്ടായിരത്തി പതിനെട്ടില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. രണ്ട് മുന്നണികളും കൂടി നീട്ടിവലിച്ച് പദ്ധതി ഇപ്പോള്‍ ബോര്‍ഡില്‍ മാത്രമായി മാറിയിരിക്കുന്നു.
വയനാട് റെയില്‍വെ പൂര്‍ത്തിയാകേണ്ട സമയമാണ് കഴിഞ്ഞു പോയത്. പദ്ധതിക്ക് അംഗീകാരം നല്കി ബജറ്റില്‍ തുക വകയിരുത്തി. പകുതി തുക കേന്ദ്രം വഹിക്കുമെന്ന് ഉറപ്പും നല്കി. എന്നാല്‍ പദ്ധതി അട്ടിമറിച്ചത് ഇന്നത്തെ സംസ്ഥാന സര്‍ക്കാരാണെന്നത് പകല്‍ പോലെ വ്യക്തമായിട്ടും ഇതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷത്തിന്റെ നിലപാടിലൂടെ കൊച്ചി മുതല്‍ ബാഗ്ലൂര് വരെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എത്താവുന്ന പാതയാണ് അട്ടിമറിക്കപ്പെട്ടത്. രാത്രി ഗതാഗത നിരോധന വിഷയത്തില്‍ സുപ്രീം കോടതി മുമ്പാകെ ശാശ്വതമായ പരിഹാരം കാണാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ പിണറായി സര്‍ക്കാറിനോട് മേല്‍പ്പാലം നിര്‍മിക്കാന്‍ പകുതി തുക കേന്ദ്രം നല്‍കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടും കര്‍ണാടക സര്‍ക്കാറിനെ ഇല്ലാത്ത കാരണം പറഞ്ഞ് കുറ്റപ്പെടുത്തി ബത്തേരി പോലുള്ള പട്ടണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുണ്ടെന്നുള്ള സംശയം ബലപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ബത്തേരിയില്‍ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു എന്ന് പറഞ്ഞതല്ലാതെ പദ്ധതി എവിടെ തുടങ്ങുമെന്നോ എന്ന് തുടങ്ങുമെന്നൊ സ്ഥലം എംഎല്‍എക്ക് പോലുമറിയില്ലെങ്കില് എന്തിനാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍. വയനാട് ജില്ലയില്‍ വന്യമൃഗങ്ങള്‍ മനുഷ്യനെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും, തിന്നുന്നതും നിത്യ സംഭവമാണെന്നത് കൊണ്ട് ഭരിക്കുന്നവര്‍ക്ക് ഇതിലൊന്നും പുതുമയില്ല. അതുകൊണ്ടുതന്നെ പുതിയ നിയമമോ ഉള്ള നിയമം നടപ്പിലാക്കുകയോ ചെയ്യാന്‍ താല്്പര്യവുമില്ല. ബത്തേരി താലൂക്കില്‍ സത്രം കുന്ന് മുതല്‍ മൂടക്കൊല്ലി വരെയുള്ള ഭാഗത്ത് താനാണ് റെയില്‍ഫെന്‍സിംഗ് ഇട്ടതെന്ന് ഊറ്റം കൊള്ളുന്ന എംഎല് യോട് നാട്ടുകാര്‍ പറയുന്നത് ആന ഉന്തിയാല്‍ മറിയുന്ന വേലി നാട് സംരക്ഷിക്കണം എന്ന ഉദ്ദേശത്തോടെ അല്ലെന്ന് വ്യക്തമാണെന്നാണ്.
കോടികളുടെ അഴിമതി നടത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായാണ് ജനങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.വയനാട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത ഉത്തരവ് പൊതുജനത്തെ അറിയിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ പുകമറവഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാന്‍ സാധിക്കാത്ത പ്രതിപക്ഷ എംഎല്‍എ ഈ സംഭവം അറിഞ്ഞത് തന്നെ പൊതു ജനം അഭിപ്രായം പറഞ്ഞ് തുടങ്ങിയപ്പോഴാണ്.് ഇരുമുന്നണികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയിക്കുന്നതിന് മറ്റു തെളിവുകള്‍ വേണ്ട. വയനാടിന് മാറ്റം വരണം. പ്രധാനമന്ത്രി പാസാക്കിയ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം ഇവിടെ നടപ്പിലാവണം. കേന്ദ്ര പദ്ധതികള്‍ മാത്രം അഴിമതിയിലാതെ നടപ്പിലാക്കിയാല്‍ വയനാട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച മുന്നണിഭരണത്തിന് പകരം നരേന്ദ്ര മോദിക്കൊപ്പം നില്ക്കുന്ന അഴിമതിയില്ലാത്ത ഭരണത്തിന് കേരളം തയ്യാറെടുക്കുകയാണ്. അതോടൊപ്പം വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും ഇത്തവണ വാഗ്ദാന ലംഘനങ്ങള്‍ നടത്തുന്ന ഇടത് വലത് മുന്നണികളെ പടിക്ക് പുറത്താക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: