കോഴിക്കോട്: ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ ലതികയുടെയും തട്ടകമായ കുറ്റ്യാടിയില്‍ സിപിഎം നേരിടുന്നത് കനത്ത വെല്ലുവിളി. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് അണികളും പ്രാദേശിക നേതാക്കളും തെരുവിലിറങ്ങിയതോടെ തകര്‍ന്നു വീഴുന്നത് പാര്‍ട്ടിയുടെ കേഡര്‍ രീതികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കെ.കെ. ലതികയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. അന്ന് സീറ്റ് ലഭിക്കുമെന്ന് മോഹിച്ച നേതാക്കളില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചത് ലതികയ്ക്ക്. എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും സിറ്റിങ് സീറ്റില്‍ ലതികയെ തോല്‍പ്പിച്ചുകൊണ്ടാണ് അന്ന് പാര്‍ട്ടി അണികള്‍ പ്രതികാരം വീട്ടിയത്.
എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കുമെന്നായതോടെ അണികള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി. നേതാക്കള്‍ തള്ളിപ്പറയുന്നുണ്ടെങ്കിലും അണികള്‍ കൂട്ടമായി രംഗത്തിറങ്ങിയത് പി. മോഹനന് വിരുദ്ധ ഗ്രൂപ്പിലെ നേതാക്കളുടെ ആശിര്‍വാദത്തോടെയാണെന്ന് വ്യക്തം. പാര്‍ട്ടിയുടെ കോട്ടകള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നാണ് അണികള്‍ ചെങ്കൊടിയുമായി സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. മോഹനന് വിരുദ്ധ ഗ്രൂപ്പിലെ നേതാക്കളെ ഒഴിവാക്കാനാണ് കുറ്റിയാടി സീറ്റ് ഇന്നലെ കയറി വന്ന ഘടകകക്ഷിക്ക് കൊടുത്തതെന്ന് ആരോപണത്തിന് മുമ്പില്‍ സംസ്ഥാന – ജില്ലാ നേതൃത്വം ഉത്തരം പറയാനാവാതെ കുഴങ്ങുകയാണ്.
2009ല്‍ ഓര്‍ക്കാട്ടേരിയില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയതിനാണ് ടി. പി ചന്ദ്രശേഖരനടക്കമുള്ള 11 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎമ്മിനെ വെല്ലുവിളിച്ച ഘടകക്ഷിയായ ജനതാദളിന് വേണ്ടി പഞ്ചായത്ത് ഭരണം ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാതെയാണ് അണികള്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. ജനതാദളിന്റെ കോട്ടയില്‍ ഒറ്റയ്ക്ക് മത്സരിച്ച് സിപിഎം ഭരണം പിടിച്ചെങ്കിലും ഘടകകക്ഷി ചര്‍ച്ചയില്‍ ജനതാദളിന് ഭരണം കൈമാറണമെന്ന് നേതൃത്വം ശാസന നല്‍കിയപ്പോഴാണ് സിപിഎം പ്രാദേശിക നേതൃത്വം ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങിയത്.
അന്ന് പ്രകടനത്തിന് നേതൃത്വം നല്കിയ 11 പേരെ പുറത്താക്കിയെങ്കിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരെ ഇന്ന് പരസ്യമായി രംഗത്തിറങ്ങി പ്രകടനം നടത്തുന്നവരെ പുറത്താക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: