ഡോ. ഡി. രഘു
സംസ്ഥാനസെക്രട്ടറി,ആരോഗ്യ.ഭാരതി
എല്ലാ വര്‍ഷവും മാര്‍ച്ച് രണ്ടാം വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കപ്പെടുന്നു. ഇന്നാണാ ദിനം. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്രാ കിഡ്നി ഫൗണ്ടേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.2020ലെ ലക്ഷ്യം ആരോഗ്യമുള്ള വൃക്ക, എല്ലാവര്ക്കും എല്ലായിടത്തും എന്നതായിരുന്നു. ഈ വര്‍ഷത്തെ വിഷയം ആരോഗ്യകരമായ ജീവിതം വൃക്കരോഗത്തോടൊപ്പം എന്നതാണ്.
വൃക്കകളുടെ പ്രവര്‍ത്തനത്തിലെ ചെറിയ പിഴവുകള്‍ ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും എന്ന് നാം ചിന്തിക്കാറുണ്ടോ? നമ്മുടെ ആസിഡ് ബേസ്ബാലന്‍സും, വാട്ടര്‍ ബാലന്‍സും നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ജോലികള്‍. ലോകത്ത് ഏകദേശം850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിച്ചവര്‍.
വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്. മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം പോകാതിരിക്കുക, ദീര്‍ഘനേരം മത്രമൊഴിക്കാതിരിക്കുക, അകാരണമായ ക്ഷീണം, മൂത്രത്തില്‍ രക്തത്തിന്റെ അംശം, മുഖത്തും പാദങ്ങളിലും കൈകളിലുംകാണപ്പെടുന്ന നീര്, ത്വക് രോഗവും ചൊറിച്ചിലും, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, വേദന ഉണ്ടാവുക എന്നിവ വൃക്കരോഗം ഉണ്ടാക്കുന്ന അണു ബാധയുടെ ലക്ഷണമാകാം, ഭക്ഷണത്തോട് താത്പര്യം കുറയുക, രുചി അനുഭവപ്പെടാതിരിക്കുക, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കാം. ആരംഭഘട്ടത്തില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണവും ചെലവേറിയതുമായ ചികില്‍സാ രീതികള്‍ ആവശ്യമായി വരുന്നു
സമയാസമയം രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, രോഗ നിര്‍ണയത്തിനുളള രക്ത മൂത്ര പരിശോധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടാതെ ആവശ്യമുള്ള പരിശോധനകള്‍ നടത്തി രോഗം മൂര്‍ച്ഛിക്കാതെ തടയണം. വര്‍ദ്ധിച്ചു വരുന്ന പ്രമേഹം ഈ രോഗത്തിന് കാരണമാകുന്നു. ആഹാരരീതികളില്‍ വന്ന മാറ്റം കൊണ്ട് മറ്റു തരത്തിലുളള വൃക്കരോഗങ്ങളും ഉണ്ടാകുന്നു, വൃക്കയിലെ കല്ലുകള്‍ ഇതിന് ഉദാഹരണമാണ്.പ്രമേഹരോഗത്തിനുളള സാധ്യതകള്‍ ഒഴിവാക്കിയും ,മിതമായി വ്യയാമം ചെയ്തും(യോഗ), ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാകും. വിവിധവൈദ്യ ശാസ്ത്ര ശാഖകളില്‍ ശരിയായ ചികില്‍സകളും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: