കൊച്ചി : യുണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്പാകെ ഹാജരായില്ല. ഇന്ന് രാവിലെ 11 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റംസ് അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
യുഎഇ കോണ്‍സുലേറ്റ് ജനറലിനും മറ്റുമെന്ന പേരില്‍ ആറ് ഐഫോണുകളാണ് സന്തോഷ് ഈപ്പന് വാങ്ങിയത്. ഇതില്‍ ഏറ്റവും വിലക്കൂടിയതാണ് വിനോദിനി ഉപയോഗിച്ചത്. തുടര്‍ന്ന് സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിനീഷ് കോടിയേരിയും ഈ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസിന് ശേഷം എന്‍ഫോഴ്സ്മെന്റും വിനോദിനിയെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചേക്കും.
ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിനാണ് സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകള്‍ വാങ്ങി സ്വപ്ന സുരേഷിനെ ഏല്‍പ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
അതേസമയം സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയില്‍ കൈമാറിയതിന് പിറകെയാണ് വിനോദിനിക്കെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ഐഫോണുകള്‍ ഉപയോഗിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആറാമത്തെ ഫോണിനായി ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇത് കൂടാതെ വിനോദിനിയുടെ നമ്പറില്‍ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാമ്പിങ് കമ്പനി യുഎഎഫ്എക്സ് ഉടമയെ വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെയാണ് ഫോണ്‍ അവര്‍ ഫോണ്‍ ഉപയോഗിക്കാതെ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: