പെരിയ: സാമൂഹിക ജീവിതത്തിലും തൊഴില്‍ രംഗത്തും മികവ് പ്രകടിപ്പിക്കാന്‍ യുവതലമുറയ്ക്ക് കൈത്താങ്ങായി, കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജീവിത നൈപുണ്യ പഠനത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. മെട്രോമാന് ഇ. ശ്രീധരന്റെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ജീവിത നൈപുണ്യത്തില്‍ പി.ജി.ഡിപ്ലോമയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുന്നത്. കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച് വെങ്കടേശ്വരലു നിര്‍വഹിക്കും. കാഞ്ഞങ്ങാട് സബ് കളക്ടര്‍ മേഘശ്രീ മുഖ്യാതിഥിയാകും.
ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സുമാണ് നടത്തുന്നത്. ഇതിലേക്ക് എണ്‍പതിലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഓണ്‍ലൈനിലാണ് ഇപ്പോള്‍ കോഴ്സ് നടത്തുന്നത്. പ്രായോഗിക പരിശീലനം, സമ്പര്‍ക്ക പഠനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമൂഹിക ഇടപെടല്‍ ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏതുതരം പ്രതിസന്ധികളും തരണം ചെയ്യുന്നതിനും സഹായകമായ തരത്തിലാണ് കോഴ്സുകള്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ പറഞ്ഞു.
ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യമായാണ് ഇത്തരമൊരു കോഴ്സ് ആരംഭിക്കുന്നത്. ത്വരിതഗതിയില്‍ സാങ്കേതികവല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത്, മാനവിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും സേവന സന്നദ്ധത ഉറപ്പു വരുത്തുന്നതിനും ജീവിത നൈപുണ്യ പഠനം അനിവാര്യമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രീ പ്രൈമറിതലം മുതല്‍ ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന പത്ത് ജീവിത നൈപുണ്യംകൂടി ഉള്‍പ്പെടുത്തിയതാണ് ഈ കോഴ്സുകളെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡാനന്തര കാലഘട്ടത്തില്‍ വേണ്ട തൊഴില്‍പരമായ നൈപുണ്യം സംയോജിപ്പിക്കുന്ന കോഴ്സില്‍ ആശയ വിനിമയം, സാമൂഹിക ഇടപെടലുകള്‍, ക്രിയാത്മക സംവാദം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നൈപുണ്യം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലെ ആശങ്ക പരിഹരിക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും നിരവധി ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍, ഇ.ശ്രീധരന് ജീവിത നൈപുണ്യ പഠനകേന്ദ്രം ഇതിനകം നടത്തിക്കഴിഞ്ഞു. വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയാണ് സെന്ററിന് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: