കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ ബന്ധമുള്ള യുണിടാക് നിര്‍മാണക്കമ്പനി എംഡി കോഴയായി നല്കിയ ഐ ഫോണ്‍ സ്വന്തമാക്കിയതിനെക്കുറിച്ച് വിശദീകരണം നല്കാന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിനു മുന്നില്‍ ഹാജരാകേണ്ടത് ഇന്ന്. ‘പാവപ്പെട്ടവരുടെ പാര്‍ട്ടി’യെന്ന പ്രതിച്ഛായയില്‍ പ്രചാരണം നടത്തുന്ന പാര്‍ട്ടി നേതാവിന്റെ ആഡംബര കുടുംബജീവിതവും ഇതോടൊപ്പം വീണ്ടും ചര്‍ച്ചയാവുന്നു.
വിനോദിനി ലക്ഷം രൂപയ്ക്കു മേല്‍ വിലയുള്ള െഎഫോണ്‍ ഉപയോഗിച്ചതെന്തിന് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ സന്തോഷ് ഈപ്പന്റെ ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചുവെന്നത് മറ്റൊരു പ്രശ്നമാണ്. അതിന് പാര്‍ട്ടി നേതാക്കള്‍ നല്കുന്ന വിശദീകരണങ്ങള്‍ക്ക് വിശ്വാസ്യതയില്ല.
മകന് ബിനീഷ് കോടിയേരി ലഹരി കടത്തുകേസില്‍ പ്രതിയായപ്പോള്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്രെഡിറ്റ് കാര്‍ഡും അത് ഉപയോഗിച്ച സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍ സിപിഎം അണികളെ ഉത്തരംമുട്ടിച്ചിരിക്കുന്നു.
വിനോദിനിയുടെ ആഡംബര ജീവിതത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നടക്കുന്ന പ്രചാരണത്തില്‍ മുഖ്യം 2008ല്‍ മൂത്തമകന് ബിനോയ് കോടിയേരിയുടെ വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. 2008 ഏപ്രില്‍ 11 മുതല്‍ 13 വരെ തിരുവനന്തപുരത്ത് ആയിരുന്നു വിവാഹാഘോഷം.
അന്ന് സംസ്ഥാന ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി. 2007ല്‍ കേരളത്തില്‍ നടന്ന രണ്ടു വിവാഹങ്ങളായിരുന്നു അതുവരെ പഞ്ചനക്ഷത്ര വിവാഹം. വന്‍ വ്യവസായികളായ എം.എ. യൂസഫലിയുടെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും മക്കളുടെ വിവാഹങ്ങള്‍. അതിനും മേലേ ആയിരുന്നു കോടിയേരി കുടുംബത്തിലെ ആഡംബര വിവാഹം എന്നാണ് അന്നുയര്‍ന്ന ആരോപണം. അന്ന് ഇതെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
സിപിഎമ്മിനെ വിമര്‍ശിച്ച് പ്രസിദ്ധീകരിക്കുന്ന ജനശക്തി മാസിക 2008 മെയ് മാസം ഇറക്കിയ പതിപ്പില്‍ ഈ ആഡംബര വിവാഹത്തിലെ ധൂര്‍ത്ത് സംബന്ധിച്ച വിശദറിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിനോദിനിയുടെ കവര്‍ ചിത്രത്തോടെയുള്ള ആ റിപ്പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ വ്യാപകമായി വാട്സ്ആപ്-ഇന്‍സ്റ്റഗ്രാം സംവിധാനങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.
മാസികയിലെ വിവരപ്രകാരം വിനോദിനി കല്യാണ ദിവസം ധരിച്ചിരുന്ന സാരി, സ്വര്ണനൂലുകള് ചേര്‍ത്ത് പ്രത്യേകം തയാറാക്കിയതാണെന്ന് പറയുന്നു. അന്ന് ധരിച്ചിരുന്നത് 35 ലക്ഷം രൂപ വിലവരുന്ന വൈര-വജ്ര ആഭരണങ്ങളായിരുന്നു. മൂന്നു ദിവസത്തെ കല്യാണ ആഘോഷങ്ങളില്‍ 4500 പേര് പങ്കെടുത്തു. 75 മുതല്‍ 80 വരെ ലക്ഷം രൂപയാണ് ചെലവ്.
സ്വര്‍ണക്കട ഉടമകളും വ്യാപാരികളും പങ്കെടുത്ത കല്യാണത്തില്‍ കോടികള്‍ സംഭാവനയായി നേടി. വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനെതിരെ കേസ് നടത്തിയിരുന്ന വനം കൈയേറ്റക്കേസില്‍ പ്രതിയും വിവാദവ്യവസായുമായ സേവി മനോ മാത്യുവാണ് ആഡംബര കല്യാണം സ്പോണ്സര് ചെയ്തിരുന്നതെന്നാണ് ജനശക്തി റിപ്പോര്‍ട്ടു ചെയ്തത്.
സിപിഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടിയിലെ ധൂര്‍ത്തിനെതിരെ തിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് പിബി അംഗം കൂടിയായ കോടിയേരിയെ ആയിരുന്നു. ആ കോടിയേരിയുടെ മകന്റെ ആഘോഷ വിവാഹവും ഭാര്യയുടെ ആഡംബരവുമാണ് വിമര്‍ശന വിധേയമായത്.
വിവാഹത്തിന് വമ്പന്മാര് പലരും പങ്കെടുത്തുവെന്നും ”അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുകള്‍ പങ്കെടുത്തിരുന്നു”വെന്നും ജനശക്തി ആരോപിച്ചിരുന്നു. പക്ഷേ, ഈ ആക്ഷേപങ്ങളുടെ പേരില്‍ നിഷേധമോ പ്രതിഷേധമോ നിയമനടപടിയോ ആരും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നതും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു.
”അധികാരത്തിലിരിക്കുന്ന അവസരം നോക്കി കോടികള്‍ സമ്പാദിക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ വിപ്ലവ നേതാക്കള്‍. ഫിലിപ്പൈന്‍സിലെ ഇമല്‍ഡാ മാര്‍ക്കോസിനേയും റൊമാനിയയിലെ ചെഷസ്ക്യുവിനേയും ഒക്കെ തോല്‍പ്പിക്കാന്‍ കുതിച്ചുപായുകയാണ് വിനോദിനി ബാലകൃഷ്ണനും
ബിനീഷ് കോടിയേരിയും മറ്റും” എന്ന റിപ്പോര്‍ട്ടിലെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരുക്കുന്നത്. ഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചതായി വിവരമുണ്ട്. വിനോദിനിയെ ഇഡിയും ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: