ന്യൂദല്‍ഹി: ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ നിലപാടുകളോട് വിയോജിക്കുന്ന സമൂഹമാധ്യമ ഉപയോക്താക്കളെ ഇടയ്ക്കിടെ സെന്‍സര്‍ ചെയ്യുന്ന ട്വിറ്ററിന്റെ നിഗൂഢ പെരുമാറ്റം വീണ്ടും പുറത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് പെട്ടെന്ന് ഡിലീറ്റ് ചെയ്തുവെന്നും കാരണം എന്തെന്ന് അറിയില്ലെന്നും മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോയിസ് ഗോട്ടിയര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എക്സ്പ്രസ്, പയനിയര്‍ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കുവേണ്ടി എഴുതിയിട്ടുള്ള, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം.
ഫെയ്സ് ബുക്കിലൂടെയും ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ ‘കൂ’വിലൂടെയുമായിരുന്നു അക്കൗണ്ട് നഷ്ടമായ വിവരം ഫ്രാങ്കോയിസ് ഗോട്ടിയര്‍ അറിയിച്ചത്. 71,000 ഫോളവര്‍മാരുള്ള @fgautier26 എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തതെന്ന് ഗോട്ടിയര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്ത് കാരണത്തിന്റെ പേരിലാണെന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്, ടൂള്‍ കിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിശ രവി എന്നിവര്‍ക്കെതിരെ ട്വീറ്റ് ചെയ്തതാകാം കാരണമെന്ന് അദ്ദേഹം പറയുന്നു.
ട്വിറ്റര്‍ ഇന്ത്യയുടെ ഏകാധിപത്യപരവും പൈശാചികവുമായ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഫ്രാങ്കോയിസ് ഗോട്ടിയറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. പിന്നാലെ വിഷയം ശ്രദ്ധയില്‍ പെടുത്തിയും അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രമുഖര്‍ ട്വിറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: