മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ ദൃശ്യങ്ങള്‍ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പിപിഇ കിറ്റ് ധരിച്ചെത്തിയ ആളാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉേേപക്ഷിച്ചതെന്നാണ് ഇതില്‍ സൂചിപ്പിക്കുന്നത്. അതിനുശഷം റോഡിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇയാള്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് ദുരൂഹതയുണര്ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കുന്നതായി കഴിഞ്ഞദിവസം എന്‍ഐഎ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: