തിരുവനന്തപുരം: ബിജെപി ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണെന്നും ആര്‍എസ്എസ് ദേശസുരക്ഷയുടെ നാലാംതൂണാണെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. കേസരി ആഴ്ചപ്പതിപ്പിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-
പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ചെറിയ ക്ലാസു മുതല്‍ വിക്ടോറിയയിലെ ഇന്റര്‍മീഡിയറ്റ്കാലം വരെ അത് തുടര്‍ന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാനസിക അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പദവിയില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഒരു ന്യൂട്രല്‍ സ്റ്റാന്‍ഡ് സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചുമതല എല്ലാം കഴിഞ്ഞു. അവസാനത്തെ ജോലി പാലാരിവട്ടം പാലത്തിന്റെതാണ്. അതിന്റെ കാലാവധി മാര്‍ച്ച് അഞ്ചോടെ അവസാനിക്കും. അതിനുശേഷം എന്റെ സേവനം കേരളത്തിനു നല്‍കണമെന്നുണ്ട്. അതിനാലാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണ്, ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അതല്ലെന്ന് അറിയാം. ഏതെങ്കിലും സമുദായത്തിന്റെതല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശസ്നേഹികളുടെ പാര്‍ട്ടിയാണ്. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ബിജെപി പ്രവേശം.
തനിക്ക് ആര്‍.എസ്.എസ്സില്‍ വര്‍ഗീയത അനുഭവപ്പെട്ടിട്ടില്ല, ദേശസുരക്ഷയുടെ നാലാംതൂണാണ് ആര്‍.എസ്.എസ് എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. നൂറ് ശതമാനം.
സെക്കന്‍ഡ് ഫോം മുതല്‍ പത്താംക്ലാസ് വരെയും വിക്ടോറിയ കോളേജിലെ ഇന്റര്‍മീഡിയറ്റ് കാലത്തുമാണ് ആര്‍.എസ്.എസ്സിന്റെ ശിക്ഷണം നേടിയത്. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. ഭരതന്‍ എന്ന ഭരതേട്ടനും രാ.വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത്. സംഘശാഖകളില്‍ എന്റെ ഒപ്പം ആ പ്രായത്തിലുള്ള ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. അന്ന് മനസ്സില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തില്‍ ഉടനീളം പ്രകടമായത്.
ബി.ജെ.പി കേരളത്തില്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അതിന് ഇരുമുന്നണികളും ചേര്‍ന്ന് നടത്തിയ ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ട്. ബി.ജെ.പി ദേശസുരക്ഷയ്‌ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന യാഥാര്‍ത്ഥ്യത്തെ ജനങ്ങളില്‍ എത്തിക്കണം. നേതൃത്വം അതിനായി ശ്രമിക്കണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ മാറ്റവും പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: