ഇരിങ്ങാലക്കുട: സ്ത്രീകൾ സ്വയരക്ഷയ്‌ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ ഡിജിപി ഡോ.ജേക്കബ്ബ് തോമസ്. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകള്‍ക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.
വാളയാര്‍, തലപ്പാടി, കളിയിക്കാവിള തുടങ്ങിയ ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വനിതാ മതിലും സ്ത്രീസുരക്ഷയുടെ മറ്റ് പല തലങ്ങളും കഴിഞ്ഞെങ്കിലും ഇന്നും സ്ത്രീ അരക്ഷിതയാണെന്ന സ്ഥിതി മാറണം. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാത്രമല്ല, വീടുകളലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന വാര്‍ത്ത ഓരോ ദിവസവും കൂടിവരികയാണ്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം സ്ത്രീക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അവളെ സംരക്ഷിക്കാന്‍ എഴുതിവെക്കപ്പെട്ട നിയമങ്ങളുണ്ടെന്നും ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
‘നമ്മുടെ കൊച്ചു കേരളത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചതും സ്ത്രീസുരക്ഷ ഹനിക്കുന്നതുമായ ഒട്ടേറെ വാര്‍ത്തകള്‍ക്കൊപ്പം, അതിഥിയായി കേരളത്തിലെത്തിയ ഒരു യൂറോപ്യന്‍ വനിതയുടെ മൃതദേഹം ഒന്നര മാസത്തിനു ശേഷം കണ്ടെത്തിയെന്നുള്ള സങ്കടകരമായ വാര്‍ത്തയും നാം അറിഞ്ഞതാണ്. വീടുകയറി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം പോലെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും കിട്ടാത്ത തിരോധാനങ്ങളുടെ കഥകള്‍. ഇന്നും അവരൊക്കെ നമ്മോടൊപ്പമുണ്ടോ അതോ ഇല്ലയോ എന്നുപോലും തിരിച്ചറിയാനായിട്ടില്ല.’
വിവിധ സര്‍ക്കാര്‍ സംഘടനകളോ കമ്മീഷനുകളോ വകുപ്പുകളോ ഇന്ന് അവശ്യഘട്ടത്തില്‍ സുരക്ഷ നല്‍കുമെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയില്‍ നഷ്ടപ്പെട്ടുവെന്ന് വേണം കരുതാന്‍. ഇവിടെയാണ് സ്വയം പ്രതിരോധത്തിന്റെ ആവശ്യകത. കളരി, തായ്‌കോണ്ടോ, കരാട്ടെ പോലുള്ള ആയോധനകലകള്‍ ഒരു പരിധി വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും തങ്ങളുടെ സുരക്ഷയ്‌ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. ശത്രുവിനെ കീഴ്‌പ്പെടുത്തുന്നതിലല്ല, ആത്മധൈര്യം സൃഷ്ടിച്ചെടുക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷയ്‌ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുണ്ടെങ്കിലും അവ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. ഇതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് സ്വയം എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്നതിനെപ്പറ്റി യോഗം ചർച്ച ചെയ്തു. അമ്പിളി ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ കൗണ്‍സിലര്‍മാരും മറ്റു പഞ്ചായത്തുകളിലെ വനിതകളും സജീവമായി പങ്കെടുത്തു. സിന്ധു സതീഷ് സ്വാഗതമാശംസിച്ചു.
രണ്ടു വര്‍ഷമായി ഇരിങ്ങാലക്കുടയിലെ പൊതുശ്മശാനത്തില്‍ ശവസംസ്‌കാരചടങ്ങുകള്‍ നടത്തുന്ന സബീന റഹ്മാന്‍ ചടങ്ങിൽ ആദരിക്കപ്പെട്ടു. കോവിഡ് കാലത്ത് എഴുപതോളം ശവസംസ്‌കാരം നടത്തിയെങ്കിലും ഇതുവരെ തന്റെ ശരീരത്തിലും മനസ്സിലും കോവിഡ് ബാധിച്ചില്ലെന്ന് സബീന സദസ്സിനോട് പറഞ്ഞപ്പോഴത് ഒഴുക്കിനെതിരെ നീന്തുന്ന പെണ്‍കരുത്തായി മാറി.
ചടങ്ങിനോടനുബന്ധിച്ച് തായ്‌കോണ്ടോ അസോസിയേഷന്‍ എറണാകുളം ജനറല്‍ സെക്രട്ടറിയും അന്താരാഷ്‌ട്ര തായ്‌കോണ്ടോ പ്ലെയറുമായ മാസ്റ്റര്‍ എല്‍ദോസ്. പി. അബിയുടെ നേതൃത്വത്തില്‍ നടന്ന തായ്‌കോണ്ടോ സെഷനില്‍ വിവിധ പ്രായത്തിലുള്ള അന്‍പതോളം സ്ത്രീകള്‍ പരിശീലനം നടത്തി. തേർഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവും അഞ്ച് വര്‍ഷം തുടര്‍ച്ചയായി തായ്‌കോണ്ടോ യൂണിവേഴ്‌സിറ്റി മെഡലിസ്റ്റ് സ്ഥാനം നിലനിര്‍ത്തിയ വ്യക്തിയുമാണ് എല്‍ദോസ്. പി. അബി. അദ്ദേഹത്തോടൊപ്പം പരിശീലനം നല്‍കുന്നതിനായി ദേശീയ തായ്‌കോണ്ടോ മെഡലിസ്റ്റുകളും ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാക്കളുമായ കീര്‍ത്തന എന്‍. കെ, ആര്‍ഷ വി. എം എന്നിവരുമുണ്ടായിരുന്നു.
കവിത ബിജു ആശംസയര്‍പ്പിച്ച ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: