കൊച്ചി: യൂണിടാക് എംഡി സന്തോഷ് ഈപ്പന് സ്വപ്നയ്ക്ക് നല്കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി വിവരം. കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിനീഷിന്റെ പേരും പുറത്തുവന്നിരിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം എന്‍ഫോഴ്സ്മെന്റും വിനോദിനിയെ ചോദ്യം ചെയ്യും. ഇതിനായി ഇഡി കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്.
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന് കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോണ്‍ ഓഫാക്കി. യുഎഎഫ്എക്സ് സൊല്യൂഷന്‍സിന്റെ പാര്‍ട്നറെ ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ ചോദ്യം ചെയ്തിരുന്നു.
അതേസമയം വിനോദിനി കോടിയേരി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. എന്നാല്‍ താന്‍ ഫോണുകള്‍ സ്വപ്നയ്ക്കാണ് കൈമാറിയതെന്നാണ് എന്നാണ് സന്തോഷ് ഈപ്പന് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയേയും ചോദ്യം ചെയ്തേക്കും. വിനോദിനിയുടെ മൊഴിയെടുത്ത ശേഷമാകും കസ്റ്റംസ് അന്വേഷണം സ്വപ്നയിലേയ്ക്ക് തിരിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: