ദിലേര്‍ഖാനും മുഅജുമും ജസവന്തസിംഹനും തമ്മിലുള്ള വൈമനസ്യം വര്‍ധിച്ചുവന്നു. ഔറംഗസേബ് ദിലേര്‍ഖാനെ തിരിച്ചുവിളിച്ചു. മറ്റു രണ്ടുപേരേയും ദൂരെ ദൂരെ സ്ഥാപിച്ചു. ശിവാജിയും ഈ വ്യവസ്ഥ തന്നെയാണ് ആഗ്രഹിച്ചിരുന്നത്.
ഔറംഗസേബ് ശിവാജിയെ ബന്ധിക്കാനും വധിക്കാനുമുള്ള ഉപായങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു. സഹ്യാദ്രിയുടെ ഗിരിഗഹ്വരങ്ങളിലും ഘോരവനത്തിലും പോയി ശിവാജിയെ പിടികൂടാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് ശിവായെ പുറത്തേക്ക് കൊണ്ടുവരാന്‍ ഒരു പദ്ധതി ആലോചിച്ചു. ഔറംഗസേബും മുഅജംമ്മും കൂടി തയ്യാറാക്കിയ കൂടനീതിയായിരുന്നു അത്. മുഅജം, ദില്ലി ബാദശാഹ ഔറംഗസേബിനെതിരെ യുദ്ധം ചെയ്യാന്‍ ശിവാജിയുടെ സഹായം തേടും. മുഅജമും ശിവാജിയും സംയുക്തസേനയുമായി ദില്ലി കീഴടക്കാന്‍ ഉത്തരഭാഗത്തേക്ക് പുറപ്പെടും. ആ യാത്രയില്‍ സമയവും സന്ദര്‍ഭവും നോക്കി വഴിയില്‍ ശിവാജിയെ പിടിച്ചു കൊല്ലുക ഇതായിരുന്നു പദ്ധതി. വേണ്ട എല്ലാ വ്യവസ്ഥകളും ചെയ്തു. മുഅജം ശിവാജിക്കു കത്തയച്ചു, ദില്ലിയെ ആക്രമിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്. എന്നാല്‍ എലി കപടതന്ത്രത്തില്‍ വീണില്ല. മുഗള്‍ കുറുക്കന്റെ വലയില്‍ മറാഠാസിംഹം വീണില്ല. അതീവസ്‌നേഹാദരങ്ങളോടെ വീണ്ടും വീണ്ടും സഹായത്തിനായി മുഅജം പത്രം അയച്ചുകൊണ്ടിരുന്നു. ഇത് അച്ഛനും മകനും തമ്മിലുള്ള കുടുംബകലഹമാണ്. അതില്‍ ഞാന്‍ ഇടപെടുന്നില്ലെന്ന് ശിവാജി തീര്‍ത്തുപറഞ്ഞു. കുറുക്കന് മുന്തിരി കിട്ടിയില്ല.
1670 ലെ ദീപാവലിയുടെ ലക്ഷ്മീപൂജയുടെ അവസരമായിരുന്നു അത്. ശിവാജീരാജേ ഒന്നുകൂടി സൂറത്ത് യാത്രയെപ്പറ്റി ചിന്തിച്ചു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, യാത്ര പുറപ്പെട്ടു. രണ്ടാമത്തെ ഈ അവസരത്തില്‍ ഫ്രഞ്ചുകാര്‍ നേരത്തെതന്നെ ധനവും ആയുധവും കൊണ്ടുവന്നു സമര്‍പ്പിച്ചു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അനങ്ങിയില്ല. മൂന്നു ദിവസം നിരന്തരം യുദ്ധം നടന്നു. നമ്മുടെ സമ്പൂര്‍ണനാശം സംഭവിക്കുമെന്ന് ബ്രിട്ടീഷുകാര്‍ക്ക് ബോദ്ധ്യമായി, അതുകൊണ്ട് രണ്ട് ദൂതന്മാര്‍ വഴി ധനവും സമ്മാനങ്ങളും അയച്ചുകൊടുത്ത് യുദ്ധം നിര്‍ത്തിവെച്ചു. ഈ സംഭവം ഇംഗ്ലീഷുകാരുടെ പൗരുഷവും ഫ്രഞ്ചുകാരുടെ ദൗര്‍ബ്ബല്യവും വെളിപ്പെടുത്തുന്നതായിരുന്നു. ഹിന്ദുസ്ഥാന്‍ കീഴടക്കുന്നതില്‍ ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ ആരു ജയിക്കുമെന്നതിനുള്ള ഒരു സൂചനയായിരുന്നു ഇത്. സൂറത്തിലെ ഭരണാധികാരികളോട് ശിവാജി പറഞ്ഞു. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷം രൂപ കരമായി എത്തിക്കണം ഇല്ലെങ്കില്‍ എല്ലാവര്‍ഷവും എനിക്ക് വരേണ്ടതായിവരും. ശിവാജീരാജേയുടെ രണ്ടാമത്തെ ആക്രമണത്തിനുശേഷം സൂറത്ത് നഗരത്തില്‍ ഭയം വ്യാപിച്ചു. പ്രതിദിനം സൂറത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. മുഗളസാമ്രാജ്യത്തിന്റെ ഒരു കണ്ണ് കാഴ്ചയില്ലാത്തതായി. സൂറത്തിന് പകരം മുംബൈ നഗരം അഭിവൃദ്ധി പ്രാപിച്ചു. ഇന്നത്തെ മുംബൈ നഗരത്തിന്റെ അഭിവൃദ്ധിക്ക് കാരണം അതായിരുന്നു.
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: