അഞ്ചാണ്ട് കിട്ടിയ അധികാരത്തിന്റെ തണലില്‍ നാട് മുഴുവന്‍ കട്ടുമുടിച്ച്, നാട്ടുകാരെയും കടിച്ചിട്ട് പിന്നെയും തോമസ് ഐസക്ക് മുറുമുറുക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നോട്ട് റദ്ദാക്കിയ ആ രാത്രി കിളിപോയത് കള്ളപ്പണക്കാര്‍ക്ക് മാത്രമായിരുന്നില്ല, ഐസക്കിനും കൂടിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് മനോനില വല്ലാണ്ട് തകര്‍ന്ന മാതിരി പിന്നീടിത്രകാലവും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ശരീരഭാഷ പണ്ടേ ഇല്ലാത്ത ഐസക്കിന് കൈമുതലായത് പിണറായിസ്റ്റിന്റെ ധാര്‍ഷ്ട്യവും പരപുച്ഛവുമാണ്. സാധാരണ ജനങ്ങളോട് സംവദിക്കാനറിയാത്ത ഒരുമാതിരി ജാഡക്കമ്മ്യൂണിസ്റ്റ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അധികാരവികേന്ദ്രീകരണമെന്നും ജനകീയാസൂത്രണമെന്നുമൊക്കെ പറഞ്ഞ് പാര്‍ട്ടിയിറക്കിയ തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ഫ്രാങ്കിയന്‍ ഫ്രാഡ് മേലങ്കി നല്കിയ രാഷ്ട്രീയകരാറുകാരന്റെ പേരാണ് തോമസ് ഐസക്ക് എന്നത് കേരളം ഓര്‍ത്തിരിക്കേണ്ടതാണ്. കേരളത്തിന് പരിചിതമല്ലാത്ത അന്താരാഷ്ട്ര ഇടപാടുകളുടെ കുത്തൊഴുക്കിന്റെ കാലമായിരുന്നു അത്. ആഗോളമായ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമായിരുന്ന കാലം.
താനൊരു സാമ്പത്തിക വിദഗ്ധനാണെന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കൊണ്ട് ഐസക്ക് ഏതൊക്കെയോ വിധേന അംഗീകരിപ്പിച്ചെടുത്ത കാലം. ലക്ഷങ്ങളുടെ വിലയുള്ള കണ്ണടയും തോര്ത്തുമുണ്ടുമൊക്കെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ‘ലളിതജീവിതശൈലി’യായി മാറുന്നതിന്റെ തുടക്കമായിരുന്നു അതെന്ന് വേണം കരുതാന്‍. മാര്‍ക്സിസമെന്നത് ദേശവിരുദ്ധവും പ്രാകൃതവും നെറികെട്ടതുമായ ഒരു ഇനം കെട്ടുകാഴ്ചയാണെന്ന വസ്തുത കേരളത്തിന് നേരത്തെ ബോധ്യപ്പെട്ടിരുന്നതാണെങ്കിലും തൊഴിലാളിവര്‍ഗത്തിന്റെ ലളിതജീവിതം കയ്യിലെടുത്ത് പിടിച്ചാണ് പിന്നെയും കുറേക്കാലത്ത് അവര്‍ കേരളത്തെ പറ്റിച്ചത്.
ഐസക്ക് സാമ്പത്തികശാസ്ത്രജ്ഞന്റെ കുപ്പായമിട്ട് കടന്നുവന്നതോടെ തൊഴിലാളി നേതാക്കന്മാരൊക്കെ മുതലാളിമാരും പാര്‍ട്ടിയുടെ ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മറ്റി നേതാക്കള്‍ ബ്രോക്കര്‍മാരാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൊത്തത്തില്‍ ഒരുതരം കങ്കാണിപ്പണിയായി മാറി. പണ്ടൊക്കെ കോടികളുടെ കള്ളത്തരങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ ബൂര്‍ഷ്വാസികളുടെ പ്രചരണമെന്ന് പറഞ്ഞായിരുന്നു തടിതപ്പിയിരുന്നത്. പെറ്റിബൂര്‍ഷ്വയ്ക്ക് പകരം പാര്‍ട്ടി ബൂര്ഷ്വയെന്ന പുതിയ പദപ്രയോഗത്തിന്റെ രോമാഞ്ചത്തിലാണ് ഇപ്പോള്‍ ഐസക്കിയന്‍ തൊഴിലാളിവര്‍ഗം.
ഫ്രാങ്കിയന്‍ ഉഡായിപ്പുകളുടെ വായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങളുമായി കേരളത്തില്‍ നിറയുന്ന കാലത്തേ ഐസക്കിനെ നോക്കിവെക്കണമായിരുന്നു. പിന്നീട് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയപ്പോഴൊക്കെ പുതിയ പുതിയ അവതാരങ്ങള്‍ പല രൂപത്തില്‍ വിമാനമിറങ്ങിയിട്ടുണ്ട്. എന്താ ഇടപാടെന്ന സാധാരണക്കാരന്റെ ചോദ്യത്തിന് താടി ചൊറിഞ്ഞ്, പുച്ഛച്ചിരിയുമായി ഐസക്ക് വിളമ്പിയതൊന്നും ഇന്നേവരെ കേരളത്തിന് മനസ്സിലായിട്ടില്ലെന്നതാണ് വസ്തുത. ഫാരിസ് അബൂബക്കറും സാന്തിയാഗോ മാര്‍ട്ടിനുമൊക്കെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ അരിയിട്ടുവാഴ്ചയ്ക്കായിട്ടാണ് കേരളത്തിലേക്ക് വണ്ടി കയറിയത്. ചാരായവും ലോട്ടറിയും വഴി കേരളത്തിന്റെ വികസനം നടപ്പാക്കാമെന്ന് ഗവേഷിച്ച് കണ്ടുപിടിച്ച അപൂര്‍വ്വതരം ശാസ്ത്രജ്ഞനാണ് തോമസ് ഐസക്ക്. എണ്ണമറ്റ സൂത്രപ്പണികളാണ് ജൂബ്ബയുടെ കീശ നിറയെ.
സര്‍ക്കാരിന് സമാന്തരമായി കിഫ്ബി എന്ന പേരില്‍ ഒരു തട്ടിക്കൂട്ട് സംവിധാനത്തെ കെട്ടിയൊരുക്കിയിറക്കിയാണ് വിജയന്റെ കാലത്ത് ഐസക്ക് കളം പിടിക്കാനിറങ്ങിയത്. ഗീതാഗോപിനാഥ് അടക്കമുള്ള അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരെ വിജയന് ഉപദേശകരായി ചെല്ലും ചെലവും കൊടുത്ത് കുടിയിരുത്തിയത് ഐസക്കിന്റെ അടിപ്പണി നന്നായി അറിയാവുന്നതാണ്. തലങ്ങും വിലങ്ങും ഉപദേശകരെ കുത്തിനിറച്ചിട്ടും വിജയന് ‘എനക്കൊന്നുമറിയില്ല’ എന്ന് ആണയിട്ട് വലഞ്ഞതാണ്. അക്കണക്കിന് ഉപദേശികള്‍ കൂടിയില്ലായിരുന്നെങ്കില്‍ ഐസക്കിനെപ്പോലുള്ളവര്‍ എടുത്തുടുത്തേനെ.
കേരളത്തില്‍ കിഫ്ബിയെയും കൊണ്ട് സമാന്തരഭരണം നടത്തുകയായിരുന്നു ഐസക്ക്. സംസ്ഥാനത്ത് വിജയന് നടപ്പാക്കി എന്ന് പെരുമ്പറ കൊട്ടി പ്രഖ്യാപിച്ചതെല്ലാം കിഫ്ബി വഴിയാണെന്ന് പിന്നാലെ നടന്ന് പറഞ്ഞ് അലമ്പാക്കുകയായിരുന്നു ഐസക്ക്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും പത്രം നിറയെ പരസ്യം നല്കി പദ്ധതികളെല്ലാം കിഫ്ബിയാണെന്ന് വരുത്താനും ഐസക്ക് പരിശ്രമിച്ചു.
പക്ഷേ മുകളിലൊരാളുണ്ട് എന്ന് വിജയന് പോലും സമ്മതിച്ച കാലത്ത് കിഫ്ബിക്കും പിടി വീണത് യാദൃച്ഛികമല്ല. വിജയന് സര്‍ക്കാര്‍ കേരളത്തിലിത്ര കാലം നടത്തിയ സകലമാന തട്ടിപ്പുകളും അന്വേഷണത്തിന്റെ പരിധിയിലാണ്. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധിക്കാന്‍ കയറിയപ്പോള്‍ ഉറഞ്ഞുതുള്ളിയ ഐസക്ക് കിഫ്ബിക്കെതിരെ ഇഡി തിരിഞ്ഞതോടെ വട്ട് പിടിച്ച മട്ടിലായിട്ടുണ്ട്.
നോട്ട് റദ്ദാക്കിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ വിളിച്ചുചേര്‍ത്ത കാലം മുതല്‍ ഐസക്കിന്റെ ഈ രോഗത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. പിടി വീണേക്കുമോ എന്ന് തോന്നുമ്പോഴെല്ലാം ഏസക്ക് നാഗവല്ലിയാകും. പിന്നെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ വെല്ലുവിളിയാണ്. ഇഡി മുതല്‍ മോദി വരെ എല്ലാവരെയും വെല്ലുവിളിക്കും. ഇഡി വന്നാല്‍ ഒരു ചുക്കും ചെയ്യില്ലെന്നാണ് ഐസക്കിന്റെ ന്യായം.
ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വെട്ടിപ്പിന് അറസ്റ്റ് നടന്നത് പിന്നീടാണ്. ഓടി വീട്ടില്‍ കയറി ഒളിച്ച ചിദംബരത്തിനെ പിന്തുടര്ന്നാണ് പിടിച്ചത്. മുന്‍ധനമന്ത്രി പി. ചിദംബരം അറസ്റ്റില്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ടെന്നെങ്കിലും ഐസക്ക് ഓര്‍ക്കണം. ആത്മവിശ്വാസം നല്ലതാണ്. കേരളാപോലീസല്ല എല്ലാം എന്ന് അറിയുന്നത് വരെ അതിന്റെ ബലത്തില്‍ നാഗവല്ലിയാകുന്നതിനും തെറ്റില്ല. അതുവരെ സഖാക്കള്‍ വിജയനും ഐസക്കും ചുക്കും ചുണ്ണാമ്പും പറഞ്ഞ് നെഗളിച്ചാട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: