കൊല്‍ക്കത്ത: മമത ബംഗാളിന്റെ മകളല്ല, മറിച്ച് നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യക്കാരുടെ അമ്മായിയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ബംഗാള്‍ കശ്മീരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ വിഭജന രാഷ്ട്രീയമാണ് പയറ്റുന്നത്. ടിഎംസി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനാണ് മമത ബാനര്‍ജി. അവരുടെ അഴിമതിക്കാരനായ അനന്തരവനാണ് ഇതിന്റെ മാനേജിങ് ഡയറക്ടര്‍. 500 കോടിയുടെ ആസ്തിയാണ് ബാനര്ജിക്കുള്ളതെന്നും സുവേന്ദു പറഞ്ഞു.
ദീദിയുടെ സ്കൂട്ടി നന്ദിഗ്രാമില്‍ മറിയുമെന്നത് വിധിനിശ്ചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്നത് ഇത്തവണ നന്ദിഗ്രാമിലാണ്. ഭവാനിപൂരായിരുന്നു മമതയുടെ മണ്ഡലം. എല്ലാവരുടെയും നന്മയാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ആരെയും വിഷമിപ്പിക്കണമെന്നില്ല. എന്നാല്‍, വഴിമാറിയുള്ള നന്ദിഗ്രാമിലേക്കുള്ള യാത്രയില്‍ മമതയുടെ സ്കൂട്ടി ഇടറി വീഴുമെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിച്ച് മമത പ്രതിഷേധിച്ചിരുന്നു. ഈ സ്കൂട്ടര്‍ യാത്രയെയാണ് മോദി പരിഹസിച്ചത്. ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ ‘ദീദി’യായി കണ്ടാണ് വിജയിപ്പിച്ചത്. എന്നാല്‍ നിങ്ങള്‍ മരുമകന്റെ അമ്മായിയായി മാത്രം മാറി. ഈ ഒരു ചോദ്യമാണ് ഇന്ന് ബംഗാളില്‍ നിന്നു നിങ്ങള്‍ക്കെതിരെ ഉയരുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: