അറുപത്തിയാറ് ലക്ഷത്തിന്റെ ഖജാനയുമായി സാല്‍ഹേര്‍, മുല്ഹേര് എന്നീ പര്‍വതങ്ങളുടെ താഴ്വരയില്‍ക്കൂടി ശിവാജി പോവുകയായിരുന്നു. ചാന്ദവഡ് എന്ന സ്ഥലത്തെത്താറായപ്പോള്‍ സൂചന ലഭിച്ചു. മുഗള്‍സേന വഴിയടച്ച് നില്‍ക്കുന്നുണ്ടെന്ന്. ദാഉദ് ഖാന് കുരേശി, ഇഖലാസ്ഖാന്‍ മുതലായവരുടെ നേതൃത്വത്തിലുള്ള വിശാലസേനയാണ് വഴിയടച്ചിരിക്കുന്നത്.
ശിവാജി തന്റെ സേനയെ അഞ്ചായി വിഭജിച്ചു.
അതില്‍ ഒരു കൂട്ടര് സൂറത്തിലെ ഖജാനയുമായി ഒരു രഹസ്യമാര്‍ഗത്തില്‍ക്കൂടി കടന്നുപോയി. ബാക്കി സേന ദാവുദ്ഖാന്റെ സേനയെ ആക്രമിച്ചു. ദാവുദ്ഖാന്റെ കൂടെ ഇഖലാസ് ഖാനും അതുപോലെ പരാക്രമികളായ ഏറെ ഖാന്മാരും ഉണ്ടായിരുന്നു. മറാഠി സേന ചുറ്റുപാടുമുള്ള മലമുകളില്‍ വ്യാപിച്ചുനിന്നു.
ദാവൂദ് ഖാന്റെ സൈന്യം സംഖ്യയില്‍ കൂടുതലുണ്ടായിരുന്നു. ഖാന് സേനയെ വ്യൂഹബന്ധമായി നിര്‍ത്തിയിരുന്നു. പീരങ്കികളുടെ മൂന്നു നിര തീര്‍ത്തിട്ടുണ്ടായിരുന്നു. എന്നാല്‍ മറാഠാസേന അതിനെ നേരിടുന്നതിനു പകരം ഗണകളായി പിരിഞ്ഞ് മലകയറാന്‍ തുടങ്ങി. പീരങ്കിക്ക് നേരെ പോയതേയില്ല. പീരങ്കികളും ആനയും കാരണം പുറകോട്ടുപോകാനും സാധിക്കില്ല. ഇത് സമതലത്തില്വെച്ചുള്ള യുദ്ധമാകയാല്‍ മറാഠാസേനയ്ക്ക് കൂടുതല്‍ നഷ്ടമുണ്ടായി. എന്നാലും മറാഠാസേനയെ അപേക്ഷിച്ച് മുഗള്സേനക്ക് പത്തിരട്ടി നഷ്ടമുണ്ടായി. മൂവായിരം മുഗള്‍ സൈന്യം കൊല്ലപ്പെട്ടു. ഏറെ സേനാധികാരിമാരും സൈനികരും പിടിക്കപ്പെട്ടു. ആയുധംവെച്ച് കീഴടങ്ങിയവരെ വിട്ടു. നാലായിരം കുതിരകള്‍, ഒരുപാട് പീരങ്കികള്‍, മറ്റു യുദ്ധസാമഗ്രികളും ശിവാജിക്ക് ലഭിച്ചു. വലിയ വിജയം വരിച്ചു.
ഔറംഗസേബ് മഹാബത്ഖാനെ ദക്ഷിണത്തിന്റെ സുബേദാറായി നിയമിച്ചു. ദാഉദഖാനും ദിലേര്‍ഖാനും ഔറംഗബാദില്‍ ശാഹജാദാ മുഅജമ്മിന്റെ കൂടെയായിരുന്നു. ഗുജറാത്തില്‍ നിന്നും ബഹാദൂര്ഖാന് വന്നിട്ടുണ്ടായിരുന്നു. എല്ലാവരുടെയും സേനാശിബിരം ഔറംഗബാദിന്റെ നാലുഭാഗത്തുമായി പടര്‍ന്നുകിടക്കുകയാണ്. മഹാബത്ഖാനും ഇഖലാസ് ഖാനും ചേര്‍ന്ന് മറാഠായുടെ അധീനതയിലായിരുന്ന സാല്‍ഹേര്‍ വളഞ്ഞു. ബഹാദൂര്ഖാനും ദിലേര്‍ഖാനും പൂനയിലേക്ക് പുറപ്പെട്ടു. ദിലേര്ഖാന് പൂനേ വളഞ്ഞാക്രമിച്ചു. ആയിരക്കണക്കിന് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കി. മുഗള്‍സേന വഴിയരികില്‍ ഉള്ള ഗ്രാമങ്ങളില്‍ പ്രവേശിച്ച് അത്യാചാരങ്ങള്‍ ചെയ്തു. ശിവാജി പ്രധാന് മോറോപന്ത് പിംഗളയേ സാല്‍ഹേര്‍ ആക്രമണത്തെ നേരിടാനയച്ചു.
പ്രതാപറാവു ഗുര്‍ജറെ പൂനേയ്ക്കും. മോറോപന്ത്പിംഗളേ മഹാബത്ഖാനെ വളഞ്ഞിട്ട് ആക്രമിച്ചു. പ്രതാപ്റാവു ഗുര്‍ജന്‍ മുഗള്‍സേനയെ ആഞ്ഞടിച്ചു. ബഹാദുര്‍ഖാന്‍ പൂനെ വിട്ടോടി. അവസാനം മുസ്ലിം സേന സാല്ഹേറില് ഒരുമിച്ചുവന്നു. മോറോപന്ത് പിംഗളേയും പ്രതാപ് റാവു ഗര്ജറും മുഗള്‍സേനയുടെ മേല്‍ ഭയാനകമായ ആക്രമണം നടത്തി. ഇത് ആദ്യമായാണ് സമതലത്തില്‍ നടന്ന യുദ്ധത്തില്‍ മറാഠാ സൈന്യം വിജയം വരിക്കുന്നത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: