കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് എല്‍ഡിഎഫിനു വേണ്ടി ആട്ടോകളുടെ നിറം ചുവന്ന നിറമാക്കിയത് ഗുരുതരമായ ഗതാഗത നിയമ ലംഘനം. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്മാര് ആട്ടോ നിറംമാറ്റി സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് പറയുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.
വഴി നീളെ ഹെല്‍മെറ്റ് വേട്ട ഉള്‍പ്പടെയുള്ള പരിശോധനകള്‍ ശക്തമായിരിക്കുമ്പോഴാണ് നിറം മാറി ഓടുന്ന ആട്ടോകള് ഇവരുടെ കണ്ണില്‍ പെടാത്തത്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ ഉടമയ്ക്ക് ആര്‍ടിഒയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്ക്കൊപ്പം വാഹനം ഹാജരാക്കണം.
വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്ട്രേഷന് റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറം മാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്. പിന്നീട് പുതിയ പെയിന്റ് അടിച്ചശേഷം വീണ്ടും പരിശോധനയ്ക്കു ഹാജരാക്കണം. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച ശേഷമേ രജിസ്ട്രേഷന് രേഖകളില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയുള്ളൂ.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ വാഹനങ്ങളുടെ നിറം രേഖപ്പെടുത്താറുണ്ട്. ഇങ്ങനെയല്ലാതെ നിറം മാറ്റിയാല്‍ കേസെടുക്കാന്‍ കഴിയും. പഴയ നിറത്തിലേക്കു മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാം. നിറം മാറ്റുന്നതിനു കര്‍ശന നിയന്ത്രണം ഉള്ളപ്പോഴാണ് ആട്ടോകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമലംഘനം നടത്തുന്നത്.
നിയമ നടപടി സ്വീകരിക്കണം: ബിഎംഎസ്
കൊട്ടാരക്കര: കൊട്ടാരക്കര ആട്ടോ സ്റ്റാന്റുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടോയുടെ നിറം മാറ്റി ഓടുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് രാജേഷ് ബാബു ആവശ്യപ്പെട്ടു. നിരവധി കാര്യങ്ങളില്‍ നിരന്തരം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: