തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കസ്റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് നടത്തുന്ന മാര്‍ച്ചിനെതിരേ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കസ്റ്റംസിനെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണെന്നും അതു വിലപ്പോവില്ലെന്നും സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എല്‍ഡിഎഫ് മാര്‍ച്ചിന്റെ പോസ്റ്ററുകളും പത്രക്കട്ടിങ്ങുകളും അടക്കമാണ് പോസ്റ്റ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് എല്‍ഡിഫ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ഡിഎഫ് ആക്ഷേപം. എന്നാല്‍, ലൈഫ് അഴിമതിയില്‍ കൈക്കൂലിയായി ലഭിച്ച ഐ ഫോണ്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദനി ആണ് ഉപയോഗിച്ചതെന്ന് തെളിവുകള്‍ സഹിതം കസ്റ്റംസ് പുറത്തുവിട്ടതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. അതേസമയം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: