നിയമം വഴി സ്ഥാപിക്കപ്പെടുന്നതാണല്ലൊ സര്‍ക്കാരുകളെല്ലാം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും ഇതെടുത്ത് പറയുന്നു. നിയമം വഴി അധികാരമേറ്റ മന്ത്രിമാര്‍ നിയമലംഘനം നടത്താമോ? ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കാമോ? സംശയം ഉയരുന്നത് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരായ തോമസ് ഐസക്കും കെ.ടി. ജലീലും തുടര്‍ന്നുകൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോഴാണ്.
സിഎജി ഒരു ഭരണഘടനാ സ്ഥാപനമാണ്. കീഴ്വഴക്കമില്ലാത്ത നടപടിയാണ് ഒരു മന്ത്രി സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അത് ചെയ്ത മന്ത്രി പ്രമാണിയാണ് ഐസക്ക്. നയതന്ത്ര ചാനല്‍ വഴി ഖുറാന് കടത്തി വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം വഴി കേരളത്തിലാകെയും പുറത്തും കൊണ്ടുപോയ മന്ത്രിമുഖ്യനാണ് ജലീല്‍. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്ന് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തു. ഒന്നും ചെയ്തില്ലെങ്കില്‍ കസ്റ്റംസിന്റെ മുന്നിലേക്ക് തലയില്‍ മുണ്ടിട്ട് പോകണമായിരുന്നോ? പുള്ളിക്കാരന് ഇപ്പോള്‍ കസ്റ്റംസിനെ വെല്ലുവിളിക്കുന്നു. എന്റെ രോമം തൊടാന്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്നു. രോമം സ്വര്ണത്തിന്റെതാണെങ്കില് കസ്റ്റംസ് തൊടുകമാത്രമല്ല പറിച്ചെടുക്കുകയും ചെയ്തേനെ. കേന്ദ്ര സര്‍ക്കാര്‍ ഉമ്മാക്കി കാണിച്ചത്രെ. ജലീലെ വരാന്‍ പോകുന്നതേയുള്ളൂ. കാവലിന് പോലീസും കവാത്തിന് ചില മലപ്പുറക്കാരും ഉണ്ടെന്ന് കരുതി മലര്‍ന്നുകിടന്ന് തുപ്പല്ലേ.
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക’ എന്നായിരുന്നു ആഗോള ധനകാര്യ വിദഗ്ദ്ധന് എന്നു പറഞ്ഞ് സിപിഎമ്മുകാര്‍ കൊണ്ടാടുന്ന ഐസക്കിന്റെ ഉപദേശം.
പ്രളയകാലത്തും ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് വട്ടപൂജ്യമെന്ന് തെളിഞ്ഞിരുന്നു. ധനമന്ത്രിയുടെ ‘കഴിവ്’ ബോധ്യപ്പെട്ട മുഖ്യമന്ത്രി ഏഴയലത്ത് അടുപ്പിച്ചില്ല . സ്വന്തമായി ഒരു സാമ്പത്തിക ഉപദേഷ്്ടാവിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി ധനമന്ത്രിയിലുള്ള ‘അവിശ്വാസം’ രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാകും എന്ന് തത്വാചിന്താപരമായി പറഞ്ഞ ധനമന്ത്രിയാണ് തോമസ് ഐസക്ക്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ് കേന്ദ്രം നോട്ടു നിരോധനം കൊണ്ടു വന്നതെന്നും പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തു.സാമ്പത്തിക മേഖല തകര്‍ന്നില്ല, സഹകരണമേഖല വളരുകയും ചെയ്തു. ലോട്ടറി മാഫിയയുടെ വക്കാലത്തെടുക്കുകയും സംവാദത്തിന് വെല്ലുവിളിക്കുകയും വെല്ലുവിളി ഏറ്റെടുത്ത വി ഡി സതീശന് എം എല്‍ എയോട് തോല്‍ക്കുകയും ചെയ്ത തോമസ് ഐസക്കിനേയും കേരളം മറന്നിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയതതിലും വിവരക്കേട് വിളമ്പിയ ധനമന്ത്രി തോമസ് ഐസക്ക് സ്വയം വിഡ്ഢിയായി. മനുഷത്വരഹിതമായ ബാങ്കിന്റെ നിലപാടാണ് ആത്മഹത്യക്ക് കാരണമെന്നും ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഐസക്കിന്റെ ആവശ്യം. കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്നു കരുതിയാണ് ധനമന്ത്രി പ്രസ്താവന ഇറക്കിയത്. ബാങ്കിനു മേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണമൊന്നുമില്ലെന്ന് പറഞ്ഞ് രാഷ്ട്രീയം കലര്‍ത്താനും ഐസക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ബാങ്ക് വായ്പയുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്ന് തെളിഞ്ഞു. പ്രളയകാലത്ത് ജനങ്ങളോടെല്ലാം മുണ്ടു മടക്കി ഉടുക്കണമെന്നാവശ്യപ്പെട്ട ധനമന്ത്രി ആയൂര്‍വേദ സുഖചികിത്സയ്ക്കായി 1.20 ലക്ഷം ചെലവഴിക്കുകയും തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും എഴുതിയെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. നാ നോ എക്സല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് വിജിലന്‍സ് കേസിലും കുടുങ്ങി .
പ്രധാനമന്ത്രി ജനതാ കര്ഫൂ പ്രഖ്യാപിച്ചതിനെ ‘പാട്ടകൊട്ടല്‍’ എന്ന് തോമസ് ഐസക്ക് കളിയാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി തള്ളി പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല സഹമന്ത്രിമാരായ ജി സുധാകരന്, ഇ ചന്ദ്രശേഖരന് എന്നിവരും പലതവണ തോമസ് ഐസക്കിനെ പരസ്യമായി തള്ളിപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ കായലില്‍നിന്നും പുഴയില്‍നിന്നും മണല്‍ വാരി വില്‍ക്കുന്ന പദ്ധതിയും നവകേരള കേരള നിര്‍മ്മിതിക്ക് ഐസക്ക് അവതരിപ്പിച്ച കിഫ്ബിയും പൊട്ട പദ്ധതികളായിമാറി . ‘ കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ജെഎന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് എടുത്തതിന്റെ പേരില്‍ സാമ്പത്തിക വിദഗ്ധന്‍ പട്ടം കിട്ടിയ തോമസ് ഐസക്ക് ധനമന്ത്രി എന്ന നിലയില്‍ ഭൂലോക പരാജയം എന്ന് ഇന്ന് സഖാക്കള്‍ പോലും പിറുപിറുക്കുന്നു.
കിഫ്-ബിയുടെ പേരില്‍ ഇഡി നോട്ടീസയച്ചപ്പോഴാണ് ഡോ. ഐസക്കിന്റെ തനിനിറം ഒരിക്കല്‍കൂടി തെളിഞ്ഞത്. കേന്ദ്രത്തിന്റേത് ചട്ടമ്പിത്തരമെന്നാണ് വിലയിരുത്തല്‍. ചട്ടമ്പിത്തരം കാട്ടുമ്പോള്‍ ചുട്ടമറുപടി നല്കുമത്രേ. മറുപടി ചുടും മുമ്പുതന്നെ ഐസക്കിന്റെ കൈപൊള്ളി. ഐസക്ക് ഉള്‍പ്പെടെ ചിലര്‍ക്ക് സീറ്റില്ലെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വെടിയേറ്റ വ്യാഘ്രത്തെ പോലെ ഐസക്ക് അലറിവിളിക്കുന്നതിന്റെ രഹസ്യം ഇതോടെ പുറത്തായി.
ഇഡി ഉദ്യോഗസ്ഥര്‍ വനിതാ ഉദ്യോഗസ്ഥയെ പേടിപ്പിച്ചത്രെ. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയിലെ വ്യാജ പീഡിപ്പിക്കല്‍ പോലെ ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജ്ജ് കുട്ടിയെ പോലെ കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് ഐസക്ക്. ഏറ്റവും ഒടുവില്‍ ‘ബാഹുബലി’ സിനിമയിലെ കാലകേയനെ അനുകരിച്ചാടുന്ന ഐസക്കിന്റെ കാലാവധി തീരുകയാണെന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: