ആലപ്പുഴ: നിലവിലെ മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ സിപിഎമ്മിലും, സിപിഐയിലും സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ തള്ളിയാണ് മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കിനും ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ ആര്‍ക്കും ഇളവു വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.
സംസ്ഥാന കമ്മറ്റിയും ഇത് അംഗീകരിച്ചാല്‍ മുതിര്‍ന്ന നേതാക്കളായ ഐസക്കും, സുധകരനും ഇത്തവണ കാഴ്ചക്കാരാകും. പാര്‍ട്ടി വിഭാഗീയതില്‍ രണ്ടു പക്ഷങ്ങള്‍ക്കും നേതൃത്വം നല്കുന്നവര് ഇനി കളി പുറത്തിരുന്ന് കാണേണ്ടി വരും. അമ്പലപ്പുഴയില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിന് സുധാകരനും, ആലപ്പുഴയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിന് ഐസക്കും കളമൊരുക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇന്‍ സംസ്ഥാന കമ്മറ്റിയിലാണ് ഇവരുടെ പ്രതീക്ഷ.
അതിനിടെ അമ്പലപ്പുഴയ്ക്കും, ആലപ്പുഴയ്ക്കുമായി നേതാക്കള്‍ സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ആര്. നാസര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി. പി. ചിത്തരഞ്ജന് എന്നിവരുടെയും, അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗം സി.എസ്. സുജാത, ജില്ലാ കമ്മറ്റിയംഗം എച്ച്. സലാം എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചിരുന്നവര്‍ കളം ഒഴിയുന്നതോടെ ഇവിടങ്ങളില്‍ പാര്‍ട്ടി സമവാക്യങ്ങള്‍ ഏതു രീതിയിലാകും വിജയപരാജയങ്ങളെ സ്വാധീനിക്കുക എന്ന് കണ്ടറിയണം.
കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയ്ക്കാണ് ജില്ലാ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയെങ്കിലും കായംകുളത്തെ പാര്ട്ടിക്കാര് വിട്ടുവീഴ്ചയ്ക്കില്ല. ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. ബാബുജാനായി ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചാരണം തുടങ്ങി. മതസാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ ബാബുജാന്റെ കായംകുളത്തെ സ്ഥാനാര്‍ത്ഥിത്വവും, പ്രതിഭയെ അരൂരില്‍ മത്സരിപ്പിക്കുന്നതും ഗുണം ചെയ്യുമെന്നും അഭിപ്രായമുയരുന്നു.
സിപിഐയില്‍ മന്ത്രി പി. തിലോത്തമന് ഒരിക്കല്‍ കൂടി ചേര്‍ത്തലയില്‍ അവസരം നല്‍കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യം. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക സിപിഐക്ക് ദുഷ്ക്കരമാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം വഴങ്ങുന്നില്ല. ഹരിപ്പാട് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രമേശ് ചെന്നിത്തലയെ സഹായിക്കുന്ന പതിവു നിലപാടില്‍ നിന്ന് സിപിഐ മാറുമോ എന്നും കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: