”ആയിയേ സാബ്. ആയിയേ. ജല്‍ദി കരോ. ജല്‍ദി.”
ബിഷ്ണോയ്. കൈയുയര്ത്തിപ്പിടിച്ച് വിളിക്കയാണ്. ദൂരെനിന്ന്. ദൈവമേ ഇവന് ഇനിയും പോയില്ലേ.
”ഏക് മിനിറ്റ്. അഭി ആത്താ ഹും.” തിരിച്ചുചൊല്ലി.
ആറേ മുക്കാലിനാണ് അവന് വരാന്‍ പറഞ്ഞത്. കൊതുകുകടി കാരണം ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കാലത്തേ എഴുന്നേറ്റ് തയറായിരുന്നു. ഇവനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അരമണിക്കൂര്‍ വൈകിയത്. ‘സദ്പാദ’യിലെ കടവത്തെത്തുമ്പോള്‍ ഏഴേകാല്‍. ചില്‍ക്കത്തടാകസഞ്ചാരത്തിനുള്ള തുടക്കസ്ഥലം.
തികഞ്ഞ ഗ്രാമീണ തെരുവ്. ഇടുങ്ങിയ വഴികള്‍. നിരനിരയായി കൊച്ചുകൊച്ചു നാടന്വീടുകളും കടകളും. തടാകത്തില്‍ ബോട്ടുസഞ്ചാരം നടത്തുന്നവര്‍ക്കായി ലഘുഭക്ഷണവും കുടിവെള്ളവും വില്‍ക്കുന്ന കടകള്‍. തൊപ്പിയും കൂളിങ് ഗ്ലാസും വാടകക്കു കിട്ടും. അഞ്ച് രൂപ വീതം കൊടുത്താല്‍ മതി. ഓരോന്നു വാങ്ങി. കൂടെ കുപ്പിവെള്ളവും ബിസ്കറ്റും.
തടാകത്തില്‍ സഞ്ചരിച്ച് തിരിച്ചെത്താന്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ വേണം.
ബിഷ്ണോയ് അഞ്ചുപേരെ വലയിലാക്കി നില്‍പ്പാണ്. എന്നെക്കാത്ത്. ഒരു ബോട്ടില്‍ ആറുപേരാണ് സവാരി.
”യഹ് സാബ് മലയാളി ഹെ.”
ബിഷ്ണോയ് ഒരാളെ പരിചയപ്പെടുത്തി. വെളുത്തുമെലിഞ്ഞ ഒരാജാനുബാഹു. നരച്ചുമുറ്റിയ ചുരുണ്ടമുടിയും താടിയും. വട്ടത്തൊപ്പിയും തണുപ്പുകണ്ണടയും. ഐവറി ജൂബയും നീല പാന്റും.
”ഹലോ, ഞാന്‍ ശ്രീഹര്ഷന്. കോഴിക്കോട്ട് കൊയിലാണ്ടിക്കാരന്.”
”ഹായ്. ഞാന്‍ വേലായുധമേനോന്‍. റിട്ടയര്‍ഡ് പ്രഫസര്‍. പാലക്കാടാണ് ദേശം. ചെന്നൈയില്‍ താമസിക്കുന്നു. ഇത് ഭാര്യ ശാരദാമണി.” കൈപിടിച്ചുകുലുക്കി ഗമയിലാണ് സംസാരം. അദ്ദേഹത്തിന്റെ നെഞ്ചുവരെ ഉയരമുള്ള ഇരുനിറമുള്ള മധ്യവയസ്ക. രണ്ടാളും ചേര്‍ന്നുനിന്നപ്പോള്‍ ഇലക്ട്രിക്പോസ്റ്റിനടുത്ത് കുറ്റി നാട്ടിയപോലെ.
തമിഴ്നാട്ടില്‍ പല കോളേജുകളിലായി ജ്യോഗ്രഫി പ്രൊഫസറായിരുന്നു. ഭാര്യ സ്കൂള്‍ ടീച്ചറും. സുഹൃത്തുക്കളായ മറ്റു മൂന്നുപേര്‍ ചെന്നൈക്കാര്. റെയിവേ ഉദ്യേഗസ്ഥരായിരുന്നു. എല്ലാവരും ഒരേ ഫഌറ്റിലാണ് താമസം.
ബിഷ്ണോയിയുടെ ബോട്ട് ചില്ക്കത്തടാകത്തിനുള്ളിലേക്ക് ചീറി പായുകയാണ്. കുറേ ദൂരം ഉള്ളോട്ടു പോയ്ക്കഴിഞ്ഞാല് തടാകത്തില്‍ ഡോള്‍ഫിനുകളെ കാണാം എന്നതാണ് പ്രധാന ആകര്‍ഷണം. നിരവധിയാളുകള്‍ അതിരാവിലെത്തന്നെ യാത്ര തുടങ്ങിക്കഴിഞ്ഞു. നാടന്‍ ബോട്ടുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വലിയ മോട്ടോര്‍ ബോട്ടുകള്‍ അനുവദിക്കില്ല. ഡോള്‍ഫിനുകളുടെ സുരക്ഷക്കാണിത്.
ഇന്നലെ വൈകീട്ട് ഭുവനേശ്വറില്‍നിന്ന് ചില്ക്കയിലേക്കുള്ള യാത്രയിലാണ് ബിഷ്ണോയിയെ പരിചയപ്പെട്ടത്. പാസഞ്ചര്‍വണ്ടി നിറയെ ഗ്രാമീണരായിരുന്നു. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളും തിങ്ങിനിറഞ്ഞ ബോഗി. സീറ്റിലും മുകളിലും ഞെരുങ്ങിയുള്ള ഇരിപ്പ്. കുറേപ്പേര് നിലത്ത് കുന്തുകാലിലിരിക്കുന്നു. ചമ്രം പടിഞ്ഞിരിക്കുന്നു. കാലുനീട്ടിയിരിക്കുന്നു.
ഭാണ്ഡങ്ങളും ചാക്കുകെട്ടുകളും. കൊട്ടവട്ടകളും കോഴിതാറാവുകളും. പണിയായുധങ്ങളും വീട്ടുപകരണങ്ങളും. പട്ടണത്തിലെ തൊഴിലാളികള്‍. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും പോയവര്‍. വിരുന്നുപോയവര്. കല്യാണംകൂടാന്‍ പോയവര്‍. നിത്യയാത്രക്കാര്‍.
എല്ലാവരുടെയും വായയില്‍ മുറുക്കാന്‍. വെറ്റിലക്കറപിടിച്ച പല്ലുകള്‍. മുറുക്കിച്ചുവന്ന ചുണ്ടുകള്‍. ഒറീസ്സയിലെ ഗ്രാമീണരുടെ മുഖമുദ്ര. ഉടുപ്പിലും മാറാപ്പിലുമെല്ലാം തുപ്പല്‍ക്കറ തെറിച്ച അടയാളങ്ങള്‍. തീവണ്ടിബോഗിയിലും താംബൂലഛായ സുലഭം.
ഏതോ അന്യഗ്രഹജീവിയെപ്പോലെ ഞാന്‍ ഒതുങ്ങിയിരുന്നു. അടുത്തിരിക്കുന്ന ചെറുപ്പക്കാരന് മുറുക്കാന്‍ വായലിടവെ പൊതി എനിക്കു നേരെ നീട്ടി. വേണ്ടെന്നു പറഞ്ഞിട്ടും വിടുന്നില്ല. ഒടുവില്‍ ഒരു അടയ്ക്കക്കഷണം എടുത്ത് വായിലിട്ടു.
ബിഷ്ണോയ്. പട്ടണത്തില്‍ മീന്‍ വിറ്റ് മടങ്ങുകയാണയാള്‍.
ഇന്ത്യയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഒന്നാണ് ചില്‍ക്ക. അതുമായി ബന്ധപ്പെട്ടതാണ് അവിടത്തുകാരുടെ മുഖ്യതൊഴില്‍. തീരത്തും ദ്വീപുകളിലുമുള്ള നൂറ്റിമുപ്പത്തിരണ്ട് ഗ്രാമങ്ങളിലായി ഒന്നരലക്ഷം മത്സ്യത്തൊഴിലാളികളുടെ ജീവിതാശ്രയം.
വിപുലമായ മത്സ്യബന്ധന ഹാര്‍ബര്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കും വിദേശത്തേക്കും മത്സ്യവും മത്സ്യോത്പന്നങ്ങളും കയറ്റിയയക്കുന്നു.
ഭുവനേശ്വറില്‍നിന്ന് ചില്‍ക്കയിലേക്ക് എണ്‍പത് കിലോമീറ്റര്‍ യാത്ര. നഗരത്തില്‍നിന്നും ഗ്രാമത്തിലേക്ക്. ഇരുവശത്തും ചില്ക്കയോട് ചേര്‍ന്നുകിടക്കുന്ന ചതുപ്പുനിലങ്ങളും വിശാലപാടങ്ങളും. പാടവരമ്പുകളില്‍ നിരനിരയായി തെങ്ങുകളും പനകളും. വയലുകള്ക്കുനടുവില് അവിടവിടെയായി കൂട്ടിയിട്ട പുല്‍ക്കൂനകള്‍. ഇടയ്ക്കിടയ്ക്കായി കുടിലുകളുടെ ചെറുനിര. അപൂര്‍വമായി കൊച്ചുകടകള്‍. കൊച്ചുകോവിലുകള്‍. ആല്‍ത്തറകള്‍.
ഒഡിഷയുടെ കിഴക്കന്‍തീരത്തുള്ള വന്തടാകമാണ് ചില്‍ക്ക. തടാകമല്ല ‘ലഗൂണ്‍’. ഉപ്പുവെള്ളമാണ്. ലേക്കും ലഗൂണും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. വിസ്തൃതിയില്‍ ഏഷ്യവന്കരയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതും. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ദയാനദി പതിക്കുന്നത്.
ബിഷ്ണോയ് പതുക്കെ ലോഗ്യംകൂടാന് തുടങ്ങി. ചില്‍ക്കതടാകത്തില്‍ സഞ്ചാരികളെ കൊണ്ടുപോകാന്‍ അയാള്‍ക്ക് ഒരു ബോട്ടുണ്ട്. രണ്ടുമണിവരെ അതാണ് പണി. പിന്നീട് ഹാര്‍ബറില്‍നിന്ന് മീന്‍ വിലക്കെടുത്ത് നഗരച്ചന്തയില്‍ വില്‍ക്കും. അവിടെനിന്ന് പഴങ്ങള്‍ വിലക്കെടുത്ത് നാട്ടിലെ കടകളില്‍ വിതരണം. വെറ്റിലക്കറപിടിച്ച ആ ചിരിയില്‍ ജീവിക്കാനുള്ള വിരുത് ഒളിഞ്ഞുകിടക്കുന്നു.
പറഞ്ഞുപറഞ്ഞ് എന്നെ അവന് കുപ്പിയിലാക്കി.
ചില്ക്കയിലിറങ്ങി. ആളുകള്‍ കുത്തിത്തിരുകി കയറുന്നു. ബിഷ്ണോയ് എന്നെ ഒരുവിധം അതിനകത്ത് തള്ളിക്കയറ്റി. അവന് ഡ്രൈവറുടെ വശത്തായി തൂങ്ങിനിന്നു. അപ്പുറത്തുമിപ്പുറത്തും കെട്ടിത്തൂക്കിയ കൊട്ടകള്‍. തൂങ്ങിപ്പിടിച്ചുനില്ക്കുന്ന ആളുകള്‍. ഒരു വലിയ തേനീച്ചക്കൂടുപോലെ ട്രക്ക് ഇരുട്ടിനെക്കീറി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
സദ്പാദയിലെത്തുമ്പോള് രാത്രി ഏഴുമണിയായി. എവിടെത്തങ്ങും? അവിടെ നല്ല ഹോട്ടലുകളൊന്നുമില്ല.
”ആയിയേ സാബ്. ഇതര് ഏക് അച്ഛാ ലോഡ്ജ് ഹെ. മാനേജര്‍ മേരാ ദോസ്ത് ഹെ. ആയിയേ.”
ബിഷ്ണോയ് ഒരു ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോയി. പുറമെനിന്നു നോക്കിയപ്പോള്‍ വലിയ കുഴപ്പമില്ല. ചുരുങ്ങിയ കാശും. ഒരു രാത്രിക്കല്ലേ. അവിടെ മുറിയെടുത്തു.
രാവിലെ അവന്റെ ബോട്ടില്‍ പോകാം. കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കേണ്ട. അവിടെ അഞ്ഞൂറ് രൂപ കൊടുക്കണം. അവന് മുന്നൂറ് മതി. ഒരനധികൃത വയറ്റുപിഴപ്പ്.
കൃത്യം ആറേമുക്കാലിനെത്തണം. താന്‍ കാത്തുനില്ക്കും. എല്ലാം ശട്ടംകെട്ടിയാണ് അവന് പോയത്.
മുറി തുറന്നു. ഏതോ പുരാതനഗുഹയിലേക്കാണോ പ്രവേശിക്കുന്നത്! അസഹനീയമായ നാറ്റം. അഴുക്കുപിടിച്ച ചുമരുകള്‍. മുഷിഞ്ഞുനാറിയ കിടക്കയും വിരിയും. പരാതി പറഞ്ഞപ്പോള്‍ കൊണ്ടുവന്നത് അതിനേക്കാള്‍ മോശം. നിവൃത്തിയില്ല. പെട്ടുപോയി.
പുറത്തുപോയി ആഹാരം കഴിച്ച് വന്നു കിടന്നു. കൈയിലുണ്ടായിരുന്ന പുതപ്പെടുത്ത് മൂടി. ഹെലിക്കോപ്ടര്‍ പോലെ ചുറ്റിപ്പറക്കുന്ന കൊതുകുകള്‍. സഞ്ജയന് എന്ന എം.ആര് നായരുടെ ‘കൊതുകുമാഹാത്മ്യ’ത്തെ മനസാസ്മരിച്ചുകൊണ്ടാണ് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചത്.
ബോട്ടിന്റെ തുഞ്ചത്ത് എഴുന്നേറ്റുനിന്ന് കുപ്പായമൂരിവീശി അടുത്ത ബോട്ടുകളിലെ കൂട്ടുകാരോട് എന്തൊക്കെയോ വിളിച്ചുപറയുകയാണ് ബിഷ്ണോയ്. ഒപ്പം ഒരു കൂട്ടുകാരനും, ബസു. വായയില്‍നിന്ന് ചീറ്റിത്തെറിക്കുന്ന മുറുക്കാന്‍ചാറ്.
തീരംവിട്ടു നടുഭാഗത്തേക്കെത്തി. ശാരദാമണിട്ടീച്ചര് ആപ്പിളെടുത്ത് മുറിച്ച് എല്ലാവര്‍ക്കുമായി നല്കി. തടാകത്തെ അഭിവീക്ഷണം ചെയ്തുകൊണ്ട് പ്രഫസര്‍ പറഞ്ഞു:
”സമുദ്രജലത്തില്‍നിന്ന് വേര്‍തിരിഞ്ഞ് കരക്കുള്ളിലേക്ക് കയറിയുണ്ടായ ആഴം കുറഞ്ഞ ജലാശയമാണ് ലഗൂണുകള്‍.”
ഒരു വെളിപാടുപോലെ. അനിഷേധ്യമായ പ്രഖ്യാപനംപോലെ. ഗമയോടെ തലയുയര്‍ത്തിപ്പിടിച്ച് പാണ്ഡിത്യക്കൊട്ട തുറക്കുകയാണ്. തന്നില്‍ അര്‍പ്പിതമായ ഒരു ദൗത്യം നിര്‍വഹിക്കും മട്ടില്‍. ഇത്തിരി പൊങ്ങച്ചവും ഒത്തിരി ആധികാരികതയും നിറഞ്ഞ ഗൗരവഭാവം.
”ആസ്ത്രേലിയയിലെ ഗ്ലെന്റോക്ക്തീരം. ബ്രസീലിലെ ലോഗോവ ഡോസ് പടോസ. ഇറ്റലിയിലെ വീനസ്. തുര്‍ക്കിയിലെ ബ്ലൂലഗൂണ്‍. ന്യൂസ്ലാന്റിലെ വാഷ്ഡികെ. ഇറ്റലിയിലെത്തന്നെ ലാഗ്നോ സബിയാഡേറോ. നമ്മുടെ ചില്‍ക്ക. ഇവയൊക്കെ പ്രധാന ലഗൂണുകളാണ്. ദക്ഷിണ പസഫിക്കിലെ ന്യൂ കാലിഡോണിയ ആണ് ലോകത്തിലെ ഏറ്റവും വലിയ ലഗൂണ്‍.”
കൂടെയുള്ളവര്‍ വാ പൊളിച്ച് കേട്ടിരിപ്പാണ്. ടീച്ചര്‍ മുഖം ചുളിക്കാന്‍ തുടങ്ങി.
”1981 ലെ റാംസാര്‍ കണ്‍വെന്‍ഷനില്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള ആദ്യത്തെ ഇന്ത്യന്‍ ലഗൂണായി ചില്‍ക്ക അംഗീകരിക്കപ്പെട്ടു.”
കയ്യും കലാശവും കാട്ടി പ്രഫസര്‍ തുടരുകയാണ്. ഇടയ്ക്കിടെ ജൂബക്കൈകള് മേലോട്ടാക്കി ഒരു കുടച്ചിലുണ്ട്. അംഗവിക്ഷേപങ്ങളും കൈമുദ്രകളും.
”കടലിനും ലഗൂണിനും ഇടയില്‍ മണല്‍ത്തിട്ട കൊണ്ടുള്ള നേരിയ ഒരു വേല്തിരിവ് ഉണ്ടാവും. ചിലതരം ലഗൂണുകള്‍ കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതായിരിക്കും. ചിലതിന്റെ മണല്‍ത്തിട്ട ശക്തമായതിനാല്‍ കടലിലേക്കുള്ള കവാടം ഇടുങ്ങിയിരിക്കും. മനുഷ്യനിര്മ്മിതസംവിധാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ലഗൂണുകളുമുണ്ട്.”
ടീച്ചര്‍ അദ്ദേഹത്തിനു നേരെ കുപ്പിവെള്ളമെടുത്തു നീട്ടി. തറപ്പിച്ചൊന്നു നോക്കി.
വെയിലേല്‍ക്കാതിരിക്കാന്‍ ബോട്ടിനുമീതെ ഷീറ്റു വലിച്ചുകെട്ടിയിട്ടുണ്ട്. അതിന്റെ നീലച്ഛായയും വെള്ളത്തിന്റെ നീലിമയും ഞങ്ങളുടെ മുഖത്ത് നീലംപൂശി. കുപ്പിവെള്ളം കുടിച്ചും ബിസ്ക്കറ്റും പഴങ്ങളും തിന്നും തടാകക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടിരുന്നു.
തണുത്തകാറ്റ് ഉന്മേഷം നല്‍കുന്നുണ്ട്. വെള്ളത്തില്‍ ഇടയ്ക്കിടെ പൊന്തിക്കാണുന്ന മണ്‍തിട്ടകളിലും മരക്കുറ്റികളിലും ദേശാടനപ്പക്ഷികള്‍. ഒറ്റയ്ക്കും കൂട്ടായും. ബോട്ടിന്റെ അരുകിലിരുന്ന് കൈ വെള്ളത്തിലിട്ട് തെറിപ്പിക്കുമ്പോള്‍ ചിലവ പറന്ന് ദൂരേക്ക് പോകുന്നു.
ക്യാമറകള്‍ സജീവമായി.
“”Around one sixty species of migaratory birds come here during peak seasons.”
കൂട്ടത്തിലുണ്ടായിരുന്ന കറുത്തു തടിച്ച തമിഴന്.
പ്രഫസര്‍ അയാളെ തുറിച്ചെന്നുനോക്കി. ഇതു പറയേണ്ടത് ഞാനാണല്ലോ എന്ന ഭാവത്തില്‍. ഒരുനിമിഷം കഴിഞ്ഞ് കൈവരിലുയര്ത്തി ഒന്നുരണ്ടുവട്ടം മൂളി.
”ഥല ്യെല.െ ഥീൗ മൃല രീൃൃലര.േ ലഡാക്ക്, ഹിമാലയം, മധ്യ-തെക്കുകിഴക്കേഷ്യ, കാസ്പിയന്‍ കടല്‍, ആരല്‍ കടല്‍, റഷ്യയുടെ വിദൂര ഭാഗങ്ങള്‍, കസാക്കിസ്ഥാനിലെ കിര്‍ഗിസ് സ്റ്റെപ്പികള്‍, ബൈക്കല്ത്തടാകം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ദേശാടനക്കിളികളുണ്ട്.”
അഭിപ്രായപ്രകടനം നടത്തിയ ആളെച്ചൂണ്ടി പ്രഫസര്‍ തുടര്‍ന്നു:
”ചിലവ പന്ത്രണ്ടായിരം കിലോമീറ്റര്‍വരെ സഞ്ചരിക്കുന്നു.”
എന്തോ അപരാധം ചെയ്തുപോയതുപോലെ തടിയന്തമിഴന് തലകുലുക്കി.
അതിരാവിലെ തടാകയാത്രക്കിറങ്ങിയവരുടെ ചില ബോട്ടുകള്‍ തിരിച്ചുവരുന്നുണ്ട്. പരസ്പരം കൈവീശി അഭിവാദ്യം ചെയ്തു. കൈകൊണ്ട് വിജയമുദ്ര കാട്ടുന്നു. ഡോള്‍ഫിനുകളെ കണ്ട സന്തോഷമാവാം.
ഏതോ ഒരാവേശം കയറിയപോലെ പ്രഫസര്‍ പറയാന്‍ തുടങ്ങി.
”ഒറീസ്സയിലെ പുരി, ഖുര്‍ദ, ഖഞ്ജാം ജില്ലകളിലായാണ് ചില്ക്കത്തടാകം വ്യാപിച്ചു കിടക്കുന്നത്. ശരാശരി ആയിരത്തിഒരുന്നൂറ് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി. 4.2 കിലോമീറ്റര്‍ ആഴം. 64.3 കിലോമീറ്റര്‍ നീളം. മണ്‍സൂണ്‍ കാലത്തും വേനല്‍ക്കാലത്തും വിസ്തീര്‍ണം വ്യത്യാസപ്പെട്ടിരിക്കും.”
‘കാറ്റത്തെ കിളിക്കൂട്’ എന്ന സിനിമയില്‍ കോളേജില്‍ ‘ഷെയ്ക്സ്പിയര്‍ കൃഷ്ണപിള്ള’യായി ക്ലാസെടുക്കുന്ന ഭരത്ഗോപിയെ ആണോ മുന്നില്‍ കാണുന്നത്! അതേ ഭാവങ്ങള്‍! അതേ ചേഷ്ടകള്‍! അതേ ചലനങ്ങള്‍! അതേ മൊഴിവഴക്കങ്ങള്‍!
ബിഷ്ണോയ് ബോട്ട് ഒരു തുരുത്തില് അടുപ്പിച്ചു. അയാളുടെ കൂട്ടാളി അവിടെയിറങ്ങി. ഉച്ചത്തില്‍ എന്തോ വിളിച്ചുപറഞ്ഞുകൊണ്ട് പൊന്തക്കാടിനിടയിലൂടെ അവന് ഓടി മറഞ്ഞു. പെട്ടെന്നൊരാള്‍ വെള്ളത്തില്‍നിന്നു മുങ്ങിപ്പൊങ്ങി ബോട്ടിലേക്കു ചാടിക്കയറി. എല്ലാരും ഞെട്ടിപ്പോയി.
ങേ! നരസിംഹത്തിലെ മോഹന്‍ലാലോ!
”ഹായ്, ഷിബു”
ബിഷ്ണോയ് അവന് സലാം ചൊല്ലി പുറത്തേക്കിറങ്ങി. ഷിബു തോളിലെ ചാക്കുസഞ്ചിയില്നിന്ന് എന്തൊക്കെയോ നിലത്തേക്കു ചെരിഞ്ഞു. കക്കയോ ചെളിക്കല്ലോ. ആശാന് എന്തൊല്ലാമോ പറയാന്‍ തുടങ്ങി. ഒറിയ കലര്‍ന്ന ഹിന്ദി. ആര്‍ക്കുമൊന്നും മനസ്സിലാവുന്നില്ല.
ചൊരിഞ്ഞിട്ടതില് കക്കപോലുള്ള ഒന്നെടുത്ത് പലകമേല്വച്ച് കൈയിലെ ചുറ്റികകൊണ്ട് തല്ലിപ്പൊളിക്കാന്‍ തുടങ്ങി. ചീഞ്ഞുപോയ അത് പുറത്തേക്കെറിഞ്ഞു. വേറൊന്നെടുത്ത് അടിച്ചു. ഉള്ളില്‍നിന്ന് എന്തോ കൊഴുത്ത സ്രവം പുറത്തേക്കൊഴുകുന്നു. അവന് കൊഴുപ്പ് ഞെക്കിത്തള്ളി.
തിളങ്ങുന്ന ഒരു മുത്ത്. ഇരുകണ്ണുകളിലും ചേര്‍ത്ത് അവനത് ടീച്ചറുടെ കൈയിലിട്ടു.
”മാ, പ്രഭു നേ ആശിര്‍വാദ് ദിയാ. യഹ് മോത്തി ഹെ.”
പുറത്തിറങ്ങിനില്‍ക്കുന്ന ബിഷ്ണോയ് വിളിച്ചുപറഞ്ഞു.
വെളുത്തുതിളങ്ങുന്ന മുത്ത്. ഷിബു ചുറ്റികയെടുത്ത് അതില്‍ ശക്തിയായി ആഞ്ഞടിച്ചു. പൊട്ടുന്നില്ല. വെയിലിനു നേരെപിടിച്ച് കാണിച്ചു. നല്ല തിളക്കം. ലൈറ്റര്‍ കത്തിച്ച് അതില്‍ പിടിച്ചു. കത്തുകയോ കരിയുകയോ ചെയ്യുന്നില്ല.
.മറ്റുള്ളവ ഒന്നൊന്നായി എടുത്ത് അവന് തല്ലിപ്പൊളിക്കാന്‍ തുടങ്ങി. ചിലത് വെറും കാലി. ചിലതില്‍ മുത്തുകള്‍. ചുവപ്പ്, മഞ്ഞ, വെളുപ്പ്, നീല… ഓരോന്നായി അവന് ടീച്ചറുടെ കൈവെള്ളയിലിട്ടു.
”ദസ് ഹസാര്‍ രൂപയേ”
ഷിബു ഞങ്ങള്‍ക്കുനേരെ കൈനീട്ടി. എല്ലാരും മുഖത്തോടുമുഖം നോക്കി. കള്ളച്ചിരിയുമായി ബിഷ്ണോയ് ദൂരെ മാറിനില്‍ക്കയാണ്. ഞാനിടപെട്ടു :
”ദൊ സൗ രൂപയേ.”
ടീച്ചറോട് മുത്തുകള്‍ വാങ്ങി അവന് പോക്കറ്റിലിട്ടു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചാടിയിറങ്ങിപ്പോയി.
”ആഓ. ചലിയേ.”
ഞാന്‍ ബിഷ്ണോയിയെ വിളിച്ചു. അവന് ബോട്ടു സ്റ്റാര്‍ട്ടാക്കി. ഉടന്‍ ഷിബു ഓടി വന്നു.
”പാഞ്ച് ഹസാര്‍ രൂപയേ സാബ്.”
ആരും മിണ്ടിയില്ല.
”ദൊ ഹസാര്‍.”
ങൂ ഹും.
”ഏക് ഹസാര്‍.”
ടീച്ചര്‍ക്ക് എന്നാല്‍ വാങ്ങാമെന്ന മട്ട്. കൂട്ടത്തിലുള്ള ഒരാള്‍ സമ്മതിച്ചില്ല. ബോട്ടു നീങ്ങാന്‍ തുടങ്ങി. അവന് ചാടി ബോട്ടില്‍ക്കയറി.
”ആട്ട് സൗ”
അവന് ടീച്ചറോട് കെഞ്ചി.
ടീച്ചര്‍ ബാഗ് തുറക്കാന്‍ നോക്കവേ കൂട്ടത്തില്‍ ഒരാള്‍ പോക്കറ്റില്‍നിന്ന് മുന്നൂറ് രൂപയെടുത്തു കൊടുത്തു. മുത്തുകള്‍ ടീച്ചറുടെ കൈയിലിട്ട് അവന് ഇറങ്ങിപ്പോയി.
”മുത്തോ പ്ലാസ്റ്റിക്കോ ആര്‍ക്കറിയാം. ഏതായാലും കിടക്കട്ടെ.”
ടീച്ചറത് ഭദ്രമായി ബാഗിലിട്ടു.
ഡോള്‍ഫിന്‍!
എം. ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: