ന്യൂദല്‍ഹി: 2004 മുതല്‍ 2014 വരെയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലത്ത് ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ രണ്ട് ബിസിനസ്സുകാരായിരുന്നു നീരവ് മോദിയും വിജയ് മല്ല്യയും. എന്നാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥതലത്തിലെ ഉന്നതരും ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടിയില്ല. നിര്‍ബാധം വിജയ് മല്ല്യയും നീരവ് മോദിയും ബാങ്കിലെ പണം കൊള്ളയടിച്ചുകൊണ്ടേയിരുന്നു. ഭാരതസര്‍ക്കാര്‍ പിന്നീട് പാപ്പരായി പ്രഖ്യാപിച്ച ഈ രണ്ട് ബിസിനസ് കൊള്ളക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍.
ലണ്ടനിലെ കോടതി മുമ്പാകെ നീരവ് മോദി എന്ന ഡയമണ്ട് വ്യാപാരിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയുന്നതിന് വാദിക്കാനെത്തിയത് രണ്ട് പ്രമുഖ ജസ്റ്റിസുമാര്‍- ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് അഭയ് തിപ്സെയും. എന്നാല്‍ രണ്ടുപേരും ഉയര്‍ത്തിയ എല്ലാ വാദമുഖങ്ങളും യുകെ കോടതി ജഡ്ജി തള്ളിക്കളഞ്ഞാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ വിധിച്ചത്.
2017ലെ ഫോര്‍ബ്സ് മാഗസിന് നല്കിയ സമ്പന്നരുടെ ലിസ്റ്റില്‍ 57ാം സ്ഥാനമായിരുന്നു നീരവ് മോദിയ്ക്ക്. ഇദ്ദേഹത്തിന് ലോകത്തിലെ പ്രധാന വിപണികളില്‍ 16 ഡയമണ്ട് സ്റ്റോറുകളുണ്ടായിരുന്നു- മക്കാവ്, ലണ്ടന്‍, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, മുംബൈ, ദില്ലി…എന്നിങ്ങനെ. എല്ലാ തട്ടിപ്പുകള്‍ക്കും ശേഷം യുകെയില്‍ രാഷ്ട്രീയാഭയം തേടാന്‍ ശ്രമിച്ച നീരവിനെ രക്ഷിക്കാന്‍ വന്നത് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ കട്ജുവും മുംബൈ ഹൈക്കോടതി ജസ്റ്റിസായ തിപ്സെയും. ഇരുവരും ഭാരതത്തിലെ നീതിന്യായസംവിധാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് നീരവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യയിലെത്തിയാല്‍ നീതിപൂര്‍വ്വകമായ വിചാരണ നീരവ് മോദിക്ക് ലഭിക്കാന്‍ സാധ്യത വിരളമാണെന്നായിരുന്നു ജസ്റ്റിസ് കട്ജുവിന്റെ വാദം. ഇന്ത്യയില്‍ മാധ്യമവിചാരണയ്ക്ക് വിധേയനായ വ്യക്തിയാണ് നീരവ് മോദിയെന്നും അതിനാല്‍ ഇത്തരം ഒരു ശത്രുതാന്തരീക്ഷത്തില് നീരവ് മോദിയ്ക്ക് നീതി ലഭിക്കില്ലെന്നുമായിരുന്നു വാദം. മാത്രമല്ല ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അങ്ങേയറ്റം രാഷ്ട്രീയവല്‍കൃതവും അഴിമതിനിറഞ്ഞതുമാണെന്ന് വരെ കട്ജു വാദിച്ചുനോക്കി. പക്ഷെ യുകെ കോടതി അത് ചെവിക്കൊണ്ടില്ല. യുകെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലെ ജില്ലാ ജഡ്ജി സാം ഗൂസ് കട്ജുവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, താന്‍ കട്ജുവിന്റെ വിദഗ്ധാഭിപ്രായങ്ങള്‍ക്ക് തീരെ വിലകല്പിക്കുന്നില്ലെന്ന് വരെ പറഞ്ഞു. കാരണം ഈ വാദമുഖങ്ങള്‍ വസ്തുതാപരമോ വിശ്വസനീയമോ അല്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.
‘2011ല്‍ വിരമിക്കുന്നതുവരെ സുപ്രീംകോടതി ജഡ്ജി ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ തെളിവുകളും വസ്തുതാപരമോ വിശ്വസനീയമോ അല്ല. തന്റെ മുന്‍ സീനിയര്‍ ജുഡീഷ്യല്‍ സഹപ്രവര്‍ത്തകരോടുള്ള അവജ്ഞയാണ് ആ തെളിവുകളില്‍ അടങ്ങിയിട്ടുള്ളത്. വായാടിയായ ഒരു വിമര്‍ശകന്റെ മുദ്രയോടൊപ്പം വ്യക്തിതാല്പര്യങ്ങളുടെയും മുദ്രകളാണ് ഈ തെളിവുകളില്‍ ഉള്ളത്,’- യുകെ ജഡ്ജി സാം ഗൂസ് പറഞ്ഞു.
മാത്രമല്ല, കോടതിയില്‍ തെളിവുകള്‍ നിരത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട കട്ജുവിന്റെ നടപടിയെയും യുകെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ‘നീരവ് മോദിയ്ക്ക് ലഭിച്ച മാധ്യമവിചാരണയെ വിമര്‍ശിക്കുകയും ഈ കേസില്‍ അതിന്റെ പ്രത്യാഘാതം നീരവ് മോദി അനുഭവിക്കേണ്ടി വരുമെന്നും വാദിച്ച കട്ജു യുകെ കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളുടെ മുന്നില്‍ ആ തെളിവുകള്‍ നിരത്തുകയായിരുന്നു. അതുവഴി സ്വന്തം നിലയില്‍ ഒരു മാധ്യമക്കൊടുങ്കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റം,’ യുകെ കോടതിയുടെ വിമര്‍ശനത്തില്‍ പറയുന്നു.
നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായതിനെ കട്ജു വിമര്‍ശിച്ചിരുന്നു. ന്നൊല്‍ റിട്ടയര്‍മെന്റിന് ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷപദവി വഹിച്ച വ്യക്തിയാണ് കട്ജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: