കൊച്ചി: സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞ്. ഗ്രാമിന് 4180 രൂപയും പവന് 33,440 രൂപയുമാണ് ഇന്നത്തെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8560 രൂപയായി. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇന്ന് കുറഞ്ഞു.
ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1711 ഡോളറായാണ് കുറഞ്ഞത്. യു എസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വർണത്തിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങി. ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു.
ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയർന്ന നിലവാരമായ 56,200 രൂപയിൽനിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവർഷം തുടക്കംമുതലാണെങ്കിൽ 5000 രൂപയിലധികമാണ് കുറഞ്ഞത്.
ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വര്ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,600 രൂപയിലെത്തി നിൽക്കുകയാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: