ന്യൂദല്‍ഹി: അതിര്‍ത്തി മേഖലകളില്‍ ചൈനക്കെതിരെ ജാഗ്രത ശക്തമാക്കി ഇന്ത്യ. പലപ്പോഴും ചൈന കടന്നുകയറുകയും വിഷയമുണ്ടാക്കുകയും ചെയ്തിരുന്ന ഭാഗങ്ങളിലെല്ലാം സൈന്യം ഇനി സ്കീയിങ്ങും പര്‍വ്വതാരോഹണവും വഴി എത്തി ഇവിടങ്ങളിലെ അവസ്ഥ വിപുലമായി മനസ്സിലാക്കും. ഈ ഭാഗങ്ങള്‍ ഇന്ത്യയുടേതെന്നു തന്നെ എന്ന് വ്യക്തമക്കാന്‍ വേണ്ട തെളിവുകള്‍ ശേഖരിക്കും. ഈ രംഗത്ത് ഗവേഷണവും നടത്തും.
നിയമാനുസൃത്യം ഏതൊക്കെ മേഖലകളാണ് ഇന്ത്യയുടേതെന്ന് തെളിവു സഹിതം സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം, വടക്കന്‍ അതിര്‍ത്തിയിലുടനീളം ചൈനയുടെ അവകാശവാദങ്ങള്‍ കളവാണെന്ന് തെളിയിക്കും.ഇതിന്റെ തുടക്കമായി ലഡാക്കിലെ കാറക്കോറം പാസ് (ചുരം) മുതല്‍ ഉത്തരാഖണ്ഡിലെ ലിപുലേഖ് വരെ സൈന്യം സ്കീയിങ്ങ് പര്യവേഷണം നടത്തും. മഞ്ഞിലൂടെ തെന്നി നടക്കുന്ന വിനോദമാണ് സ്കീയിങ്ങ്. 1500 കിലോമീറ്റര്‍ ദൂരം താണ്ടി സൈന്യത്തിന്റെ നൈപുണ്യം വര്‍ദ്ധിപ്പിക്കും. പരിപാടി നാളെ ഫ്ളാഗ് ഓഫ് ചെയ്യും. ആര്‍മെക്സ് 21 പൂര്‍ത്തിയാക്കാന്‍ 90 ദിവസം എടുക്കും.
ലഡാക്ക്, ഹിമാചല്‍, ഗഡ്വാള്, കുമയോണ്‍ മേഖലകളിലൂടെയാകും സ്കീയിങ്ങ് കടന്നു പോകുക. മഞ്ഞുമലകളിലൂടെയാണ് പ്രത്യേക പരിശീലനം നേടിയ സൈനികര്‍ പര്യവേഷണം നടത്തുക. മലയിടുക്കുകള്‍, മഞ്ഞുമലകള്‍, 14,000 മുതല്‍ 19000 അടി വരെ ഉയരത്തിലുള്ള പരാങ്ങ്ലാ, ലംഘാ മലാരി തുടങ്ങിയ ചുരങ്ങള്‍ എന്നിവിടങ്ങളിലൂടെയാകും സ്കീയിങ്ങ്.
ഇന്ത്യന്‍ മേഖല പിടിച്ചെടുത്ത് സാമ്രാജ്യം വികസിപ്പിക്കാനുള്ള ചൈനയുടെ നയം നാം ചെറുക്കും. നമ്മുടെതായ, എന്നാല്‍ കൈവശമില്ലാത്ത ഭാഗങ്ങളില്‍ സൈന്യം കടന്നു ചെല്ലും. അതിര്‍ത്തിയെപ്പറ്റി വിപുലമായി ഗവേഷണം നടത്തി ദേശീയ, അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കും. തെളിവു ശേഖരിക്കുക, രേഖകള്‍ തയാറാക്കുക തുടങ്ങിയവയും ദൗത്യത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മൗണ്ടനീയറിങ് ഫൗണ്ടേഷന് സേനയെ സഹായിക്കും.
ഇടയ്ക്കിടയ്ക്ക് ചൈന കടന്നു കയറിയിരുന്ന, തര്‍ക്കമുള്ള 23 പ്രദേശങ്ങളാണ് 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍. ലഡാക്കിലെ പാങ്ങ്ഗോങ്ങ് സോ, ട്രിഗ് ഹൈറ്റ്സ്, ഡെംചോക്ക്, ഡംചലേ, ചുമാര്‍, സ്പാ
ഗര്‍ ഗ്യാപ്, അരുണാചല്‍പ്രദേശിലെ നംഖാ ചൂ, സംദൊറോങ്ങ് ചൂ, അസാഫില, ഡിച്ചു, യാങ്ങ്സീ, ഫിഷ് ടെയ്ല് ഒന്ന്, രണ്ട്, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബരാഹോതി, കൗറിക്, ഷിപ്കി ലാ എന്നീ പ്രദേശങ്ങള്‍ തര്ക്കമുണ്ടാകാറുള്ള മേഖലകളാണ്.
ഇവയ്ക്കടുത്തുള്ള പലയിടങ്ങളിലും ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ലഡാക്കിലെ പോലെ കഴിഞ്ഞ വര്‍ഷം സിക്കിമിലെ നാകു ലായിലും ചൈനീസ്-ഇന്ത്യന്‍ സൈന്യങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഒരു വെടി പോലും ഉതിര്‍ക്കാതെ ചൈന നേരിയ നുഴഞ്ഞുകയറ്റങ്ങള്‍ നടത്താറുണ്ടെന്ന് കരസേനാ മേധാവി എം.എം. നര്‍വണെ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: