കോട്ടയം: മുന്‍ ഏര്യാ കമ്മിറ്റി അംഗം, കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന സിപിഎം നേതാവ് സികെ സന്തോഷ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കടുത്തുരിത്തിയില്‍ നടന്ന സമ്മേളന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു. വളരെ കാലം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റായിരുന്നു സന്തോഷ്കുമാര്‍.
2005-2006 കാലഘട്ടത്തില്‍ കോട്ടയത്തെ മികച്ച പഞ്ചായത്തായി കടപ്ലാമറ്റത്തെ തെഞ്ഞെടുത്തപ്പോള് സികെ സന്തോഷ് കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. നിരവധി പ്രവര്‍ത്തകരും ഇദേഹത്തോടൊപ്പം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. വക്കം മണ്ഡലത്തിലെ വെച്ചൂര്‍ പഞ്ചായത്തില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇവി സുകുമാരന്‍, സുമേഷ്, പികെ പ്രതീഷ്, പികെ പ്രശാന്ത്, വിജെ ലൈജു, സാബു, രഞ്ജിത്ത്, സുജിത്, ബിനോയ് എന്നിവരും ബിജെപിയില്‍ എത്തി. കടപ്ലാമറ്റം പഞ്ചായത്തിലെ നെല്ലിക്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സുനില്‍ പുത്തന്‍പുരയിലും ബിജെപി അംഗത്വം സ്വീകരിച്ചു.
വിജയ യാത്ര ഇടുക്കിയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയിലേയ്ക്ക് പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കുറുവിലങ്ങാടില്‍ ജില്ലാ അധ്യക്ഷന്‍ അഡ്വക്കേറ്റ് നോബില്‍ മാത്യൂവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥായെ സ്വീകരിച്ചു. വൈകിട്ട് മൂന്നിന് പൊന്‍കുന്നം, 4.30ന് മണര്‍കാട്, 5.30ന് ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തും. സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: