കോട്ടയം: നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. സംയുക്ത കര്‍ഷക സമിതിയാണ് പ്രതിഷേധിച്ചത്. രാവിലെ നീണ്ടൂരില്‍ കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു ഉപരോധം.
കൊയ്ത്തു കഴിഞ്ഞ് ഇരുപത് ദിവസം പിന്നിട്ട നെല്ല് സംഭരിക്കാത്തതിലാണ് കര്‍ഷക പ്രതിഷേധം. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറു കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനം കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. മില്ലുടമകളുമായി ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം.
ഇന്ന് പാഡി മാനേജരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്കര്‍ പാഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നീണ്ടൂര്‍, കല്ലറ, ആര്‍പ്പൂക്കര, കുമരകം മേഖലകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞ നെല്ല് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞദിവസം കല്ലറയിലും, ഇന്നലെ രാവിലെ നീണ്ടൂരിലും കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: