ജമ്മു: ജമ്മു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(പിസിസി) അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ തിങ്കളാഴ്ച ദല്‍ഹിക്ക് തിരിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള രജ്നി പാട്ടീലുമായും കൂടിക്കാഴ്ച നടത്താനാണ് ദല്‍ഹി സന്ദര്‍ശനം. ജമ്മുവില്‍ ജി23 അംഗങ്ങള്‍ സംഘടിപ്പിച്ച ചടങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളും സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഗുലാം അഹമ്മദ് മിര്‍ തലസ്ഥാനത്ത് എത്തിയത്.
ജി23 ചടങ്ങിനുശേഷമുള്ള സംസ്ഥാനത്തെ സാഹചര്യങ്ങളും രാഷ്ട്രീയാവസ്ഥയും മിര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ധരിപ്പിച്ചു. പ്രധാനമന്ത്രിയെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്കയിലാണെന്നും പറഞ്ഞതായാണ് വിവരം. വിഷയത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കാനായി കൂടുതല്‍ യോഗങ്ങള്‍ നടക്കുമെന്നതിനാല്‍ ഗുലാം അഹമ്മദ് മിര്‍ രാജ്യതലസ്ഥാനത്ത് തുടരാനാണ് സാധ്യത.
പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ട് ജനങ്ങള്‍ പഠിക്കണമെന്നായിരുന്നു ഫെബ്രുവരി 28ന് ഗുജ്ജര്‍ സമുദായത്തിന്റെ സമ്മേളത്തില്‍ ആസാദ് പറഞ്ഞത്. രാജ്യസഭയില്‍നിന്ന് അടുത്തിടെ വിരമിച്ച ഗുലാം നബി ആസാദിന് ദിവസങ്ങള്‍ക്ക് മുന്‍പ് നല്കിയ യാത്രയയപ്പില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വികാരാധീനനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: