ലക്നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി ബംഗ്ലാദേശില്‍നിന്നും മ്യാന്മറില്നിന്നുമുള്ള മറ്റുള്ളവര്‍ക്ക് വ്യാജരേഖ സംഘടിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു ഇവര്‍. നിയമവിരുദ്ധമായി ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയിട്ടുണ്ടായിരുന്ന റോഹിംഗ്യന്‍ മുസ്ലിം വിഭാഗത്തെക്കുറിച്ച് 2019-ല്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടിയിരുന്നു.
മറ്റ് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍നിന്നും മ്യാന്മറില്നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഈ വിഭാഗം സജീവാമായി ഇടപെടുന്നുവെന്ന് വിശ്വസിക്കാനുള്ള മതിയായ കാരണങ്ങളും അധികൃതര്‍ക്ക് മുന്നിലുണ്ടായിരുന്നു. അറവുശാലകളിലും ബീഫ് യൂണിറ്റുകളിലും ചെറിയ കൂലി ലഭിക്കുന്ന ജോലികള്‍ക്കായി ഇവിടെയുള്ള റോഹിംഗ്യന്‍ വിഭാഗം പുതിയതായി എത്തുന്നവരെ സഹായിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ലക്നൗ വിഭാഗത്തിന്റെ അന്വേഷണം മൊഹ്ദ് ഫറൂഖ് എന്നയാളിലേക്ക് എത്തി. മ്യാന്മറില്നിന്ന് പലായനം ചെയ്തെത്തിയതാണെന്നും ഇയാളുടെ പേര് ഹസന് അഹമ്മദ്(44) എന്നാണെന്നും മ്യാന്‍മറീസ് രേഖകളില്‍നിന്ന് പിന്നീട് തെളിഞ്ഞു.
അലിഗര്‍ഹിലെ അറവുശാലയില്‍ ജോലി ചെയ്തിരുന്ന ഹസന് അഹമ്മദ് ഉന്നാവിലേക്ക് മാറിയെങ്കിലും പിന്നീട് രാജസ്ഥാനിലേക്കും അവിടെനിന്ന് ഹരിയാനയിലെ നൂഹിലേക്കും കടന്നു. ഇളയ സഹോദരന് മൊഹ്ദ് ഷാഹിദുമായാണ് ഉന്നാവില്‍ താമസിച്ചത്. അലിഗര്‍ഹില്‍ താമസിച്ചിരുന്ന മരുമകന് മൊഹ്ദ് സുബൈര്‍(30) ഹസന് അഹമ്മദിനെ സഹായിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷമാണ് ഈ വിവരങ്ങള്‍ യുപി എടിഎസിന്റെ ശ്രദ്ധയില്‍ പെടുന്നത്.
തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ ഒരുമാസത്തോളം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്നാലെയാണ് ഹസന് അഹമ്മദ്, മൊഹ്ദ് ഷാഹിദ്, മൊഹ്ദ് സുബൈര്‍ എന്നിവരെ യഥാക്രമം നോയിഡ, ഉന്നാവ്, അലിഗര്‍ഹ് എന്നിവടങ്ങളില്നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍, അഞ്ചുലക്ഷം രൂപ, എട്ട് പാസ്പോര്ട്ടുകള്, വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഐപിസി 419, 420 എന്നീ വകുപ്പുകള്‍ പിടിയിലായവര്‍ക്കെതിരെ ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: