പരവൂര്‍: സിപിഎം ചിറക്കര ലോക്കല്‍കമ്മിറ്റി പുനഃസംഘടന പൊട്ടിത്തെറിയിലേക്ക്. ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. തമ്മിലടി ഒഴിവാക്കാന്‍ നിലവിലുള്ള ഒന്‍പതംഗ ലോക്കല്‍ കമ്മിറ്റിയില്‍ നാല് പേരെ അധികമായി ഉള്‍പ്പെടുത്തി 13 അംഗങ്ങള്‍ ഉള്ള ലോക്കല്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തെയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെയും ഒഴിവാക്കിയതാണ് പൊട്ടിത്തെറിക്ക് കാരണം. പലരും ലോക്കല്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി.
പഞ്ചായത്ത് ഇലക്ഷന് സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വനിതാ നേതാവിനെയും അടുത്ത കാലത്ത് വിദേശത്ത് നിന്നും വന്ന പ്രവാസിയെയും ഉള്‍പ്പെടുത്തിയതാണ് വീണ്ടും കലാപത്തിലേക്ക് നയിച്ചത്. സാധാരണഗതിയില്‍ പാര്‍ട്ടി ഓഫീസില്‍വച്ച് കൂടാറുള്ള ലോക്കല്‍കമ്മിറ്റി ജനറല്‍ബോഡി യോഗം രഹസ്യമായി ഒരു വീട്ടില്‍വച്ച് നടത്തി. എതിര്‍പ്പുള്ള ബ്രാഞ്ചുതല നേതാക്കളെ ലോക്കല്‍കമ്മിറ്റിയുടെ ജനറല്‍ബോഡിയില്‍ വിളിച്ചില്ല. പുതിയ ലോക്കല്‍കമ്മിറ്റി അംഗങ്ങളെ ഏരിയാകമ്മിറ്റി സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്. ചിറക്കരത്താഴം മേഖലയിലെ പല നേതാക്കളും കമ്മിറ്റി അറിഞ്ഞത് പോലുമില്ല. കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ചിറക്കരതാഴത്തെയും വിളപ്പുറത്തെയും ഉളിയനാട്ടെയും നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. മദ്യവും പണവും നല്കി പ്രവാസി നേതാവ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തതായി ഇവര്‍ ആരോപിച്ചു. ലോക്കല്‍കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം പ്രവാസിയായ നേതാവിന്റെ വക മദ്യസത്ക്കാരവും ഉണ്ടായിരുന്നതായി ഇവര്‍ ആരോപിച്ചു.
പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ അവഗണിച്ച സിപിഎം നേതൃത്വത്തിനെതീരെ ശക്തമായ പ്രതിഷേധമുയര്‍ത്തി പാര്‍ട്ടി വിടാനൊരുങ്ങുകയാണ് ഒരു വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: