ചരിത്രം തന്നെയാണ് ഇതിഹാസങ്ങള്‍. രാമായണവും മഹാഭാരതവുമെല്ലാം കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുള്ള ചരിത്രങ്ങളാണ്.മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതില്‍ പ്രധാനം അവന്റെ ധര്‍മ ബോധമാണ്. ഇത് നമ്മില്‍ വളര്‍ത്തുവാനാണ് മഹാമനീഷികളായ പൂര്‍വികര്‍ ഈ ശാസ്ത്രങ്ങളിലൂടെ ശ്രമിച്ചത്.
ഋഗ്, യജുസ്, സാമ, അഥര്‍വ വേദങ്ങള്‍ ശിക്ഷ, കല്പ, വ്യാകരണ, നിരുക്ത, ഛന്ദസ്, ജ്യോതിഷം, പുരാണേതിഹാസങ്ങള്‍, ന്യായം, മീമാംസ ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങി വിദ്യാസ്ഥാനങ്ങള്‍ പതിനാല്.
ഇവയില്‍ ഇതിഹാസങ്ങളെ നോക്കിക്കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കവി അല്ലെങ്കില്‍ കഥാകാരന് പറയുമ്പോള്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. എന്നാല്‍ അതില്‍ കുടുങ്ങിക്കിടക്കാതെ, ആവശ്യമായതിനെ, നമ്മുടെ പരിവര്‍ത്തനത്തിന് സഹായകമായതിനെ സ്വീകരിച്ച് മുമ്പോട്ട് പോകണം.
ഹനുമാന് സത്യമോ
അതേ എന്നാണ് ഉത്തരം. രാമായണം ഒരു ഇതിഹാസവും ഇതിഹാസം ചരിത്രവുമാണെന്നതു തന്നെ കാരണം. രാമായണത്തിലും ഇതിഹാസമായ മഹാഭാരതത്തിലും ഒരുപോലെ ദര്‍ശിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹനുമാന്. രാമദൂതനായ ഹനുമാന് സ്വാമിയുടെ മഹത്വം വര്‍ണിക്കുന്ന കൃതിയാണ് ഹനുമാന് ചാലീസ. പൂജയുടേയും രാജോപചാരത്തിന്റെയും ഉപാസനയുടെയും മാത്രം അടിത്തറയായി മാത്രം വര്‍ണിക്കേണ്ട വ്യക്തിത്വമല്ല ഹനുമാന്റേത്. ഇതിഹാസ കഥാപാത്രമെന്നതിലുപരി ആരോഗ്യം, സമര്‍പ്പണ മനോഭാവം, പ്രതിബദ്ധത, ആത്മനിയന്ത്രണം ധൈര്യം തുടങ്ങി വ്യക്തിജീവിതത്തിനു വേണ്ട ഗുണങ്ങളെല്ലാം തികഞ്ഞ വ്യക്തിത്വമാണ് ഹനുമാന്.
ഉപാസനയുടെ ഗുണം
ആരെയാണോ നാം ഉറ്റുനോക്കുന്നത് അവരുടെ ഏതൊക്കെ ഗുണങ്ങളാണോ നാം ആരാധനയോടെ വീക്ഷിക്കുന്നത് അതെല്ലാം നമ്മള് പോലുമറിയാതെ നമ്മില്‍ നിറയും. ഉപാസനയ്ക്കു പിറകിലെ ശാസ്ത്രവും ഇതാണ്. ഉപാസനയെന്നാല്‍ ദീര്‍ഘകാലം, നിരന്തരം, ഏക ചിന്തയോടെ കാണുന്ന വസ്തുവിനെ മനസ്സില്‍ നിര്‍ത്തുക എന്നുകൂടി അര്‍ഥമുണ്ട്.
വാല്മീകി രാമായണത്തെ അവധി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തുളസീദാസ്, ഹനുമാനെ വര്‍ണിച്ച് എഴുതിയതാണ് ഹനുമാന് ചാലീസ. രോഗമുക്തിക്കായി തുളസീദാസ് എഴുതിയതാണ് ഈ കൃതിയെന്നാണ് വിശ്വാസം. ഹനുമാന് ചാലീസയിലൂടെ, ഹനുമാന് ഉപാസനയിലൂടെ രോഗങ്ങള്‍ ഇല്ലാതാകും. ഏഴ് അല്ലെങ്കില്‍ നൂറു തവണ ഇത് ജപിച്ചാല്‍ എല്ലാ രോഗങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.
ഹനുമാന് ചാലീസ സിദ്ധമന്ത്രം തന്നെയെന്നാണ് ആചാര്യന്മാര് പറയുക. ഇതില്‍ ഹനുമാന്റെ ബീജമന്ത്രങ്ങള് ഗുപ്തമായുണ്ട്. അതുവഴി ബീജമന്ത്രത്തിന്റെ ഫലം തന്നെയാണ് ലഭിക്കുക.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: