കൊല്ലം: തെരഞ്ഞെടുപ്പ് അങ്കത്തിന് കളമൊരുക്കി മൂന്ന് മുന്നണികളും ഒരുക്കങ്ങള്‍ വേഗത്തിലാക്കി. ഇത്തവണ ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുക സ്ത്രീകളാണ്. പുരുഷവോട്ടര്‍മാരെക്കാള്‍ 99118 സ്ത്രീ വോട്ടര്‍മാര്‍ ജില്ലയില്‍ കൂടുതലാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 13 വോട്ടര്‍മാരും ഉണ്ട്. തെരഞ്ഞെടുപ്പിന് ഇനി വെറും 36 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാന തലത്തില്‍ മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കില്‍ മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാവൂ. തെരഞ്ഞെടുപ്പിന് ഇത്തവണ ജില്ലയില്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകള്‍ ആകും ഉപയോഗിക്കുക. ഇതിനായി വിവി പാറ്റ്, കണ്ട്രോള് റൂം, ബാലറ്റ് യൂണിറ്റുകള്‍ എന്നിവ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. മെഷീനുകള്‍ ബാറ്ററി മാറി ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാകും.
ഇക്കുറി തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് മുന്നണികളുടെ പ്രഖ്യാപനം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനത്തെ രഹസ്യമായി എതിര്‍ത്തതായും ആക്ഷേപമുണ്ട്. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും മുന്നണി നേതാക്കള്‍ അണിയറയില്‍ ചരടുവലി സജീവമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: