ന്യൂദൽഹി: കളിപ്പാട്ട നിര്‍മ്മാണ രംഗത്ത് ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കളിപ്പാട്ട നിര്‍മ്മാണത്തിലൂടെ ‘ആത്മനിര്‍ഭര്‍ ഭാരതി’ന് പുതിയൊരു ചരിത്രമഴുതാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.
ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു. പരിസ്ഥിതിക്കു ഇണങ്ങുന്നതും മന:ശാസ്ത്രപരമായി യോജിക്കുന്നതുമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇ-മാര്‍ക്കറ്റുകള്‍ പരമാവധി ഉപയോഗിക്കണമെന്നും നൂതന വിപണനമാര്‍ഗ്ഗങ്ങളിലൂടെ ലോകവിപണി പിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ആഗോളതലത്തില്‍ തന്നെ കളിപ്പാട്ട ഉല്‍പന്നങ്ങളുടെ വലിയ ഉല്‍പാദകരാകാന്‍ കഴിയുമെന്നും മോദി അഭിപ്രായപ്പെട്ടു.
” പ്രകൃതിദത്ത നിറങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇന്ത്യ പണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഈ പാരംപര്യം പുനസൃഷ്ടിക്കണം. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ നിർമ്മിക്കണം. പുനരുപയോഗം ഇന്ത്യൻ ജീവിതശൈലിയുടെ ഭാഗമായിരുന്നു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾ തന്നെ ഉദ്പാദിപ്പിക്കണം,” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വില കുറഞ്ഞ കളിപ്പാട്ടങ്ങളില്‍ മഹാഭൂരിഭാഗവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ഇതില്‍ അധികവും നിയമപരമായി അനുവദിക്കുന്ന അളവിനേക്കാള്‍ അധികം പ്ലാസ്റ്റിക്കും ഘനലോഹവും രാസവസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കുന്നവയായതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിനും ഹാനികരമാണെന്ന് മേളയുടെ ചുമതലയുള്ള സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
“100 ബില്ല്യൺ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്‌ക്ക് ചെറിയ പങ്ക് മാത്രമെയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിന് മാറ്റം വരണം,”.- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആയിരത്തിലധികം കളിപ്പാട്ട നിർമ്മാതാക്കളും വിതരണക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഫിബ്രവരി 27ന് ആരംഭിച്ച മേള മാര്‍ച്ച് 2ന് സമാപിക്കും. കളിപ്പാട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള എല്ലാവരേയും – വില്‍പനക്കാര്‍, നിര്‍മ്മാതാക്കള്‍, ആവശ്യക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, ഉല്‍പാദകര്‍-ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ആശയവിനിമയത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാരും കളിപ്പാട്ട വ്യവസായസംരംഭകരും ഒത്തുചേര്‍ന്ന് ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. 30 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശത്ത് നിന്നും 1000 കളിപ്പാട്ട നിര്‍മ്മാതാക്കള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
“രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 പഴയ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തണം. ഇന്ന് ലോകത്ത് വളരെ പ്രചാരമുള്ള ചെസ്സ് നേരത്തെ ഇന്ത്യയിൽ ‘ചതുരംഗ’ എന്ന പേരിൽ കളിച്ചിരുന്നു. ലുഡോയെ പിന്നീട് ‘പാച്ചിസി’ ആയി കളിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: