ന്യൂദല്‍ഹി: സോണിയാഗാന്ധിയ്‌ക്ക് വീണ്ടും വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസിലെ സീനിയര്‍ നേതക്കളുടെ റിബല്‍ ഗ്രൂപ്പായ ജി-23.
ശാന്തി സമ്മേളനം എന്ന പേരില്‍ മൂന്ന് ദിവസം ഗുലാം നബി ആസാദിന്റെ നാടായ കശ്മീരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആലോചിക്കാനാണ് ജി-23ന്റെ തീരുമാനം. യോഗത്തില്‍ പങ്കെടുക്കാന്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ കശ്മീരിലെത്തി. സീനിയര്‍ നേതാവ് ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് യോഗം. നേതാക്കള്‍ പ്രകടനവും നടത്തി.
കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 23 സീനിയര്‍ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നല്‍കിയതോടെയാണ് ജി-23 എന്ന സംഘം പ്രസിദ്ധമായത്. ശശി തരൂരും കത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും കശ്മീരില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. എം. വീരപ്പമൊയ്‌ലി, മനീഷ് തിവാരി എന്നിവരും കത്തില്‍ ഒപ്പുവച്ചവരാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്നും അതിനാല്‍ അതിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുറന്നടിച്ചിരിക്കുകയാണ്. രാജ്യസഭാംഗമായ ഗുലാം നബി ആസാദിന്റെ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് പാര്‍ലമെന്റില്‍ തുടര്‍ അവസരം നല്‍കാത്തതിലും ജി-23ന് ആശങ്കയുണ്ട്. സോണിയാ ഗാന്ധി രഹസ്യമായി ജി-23 നേതാക്കളുമായും ഏറ്റുമുട്ടലിന്റെ പാതയിലാണെന്നറിയുന്നു. എന്തായാലും കശ്മീരിലെ ശാന്തി സമ്മേളനം തീര്‍ന്നാല്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും ശക്തമായ പ്രസ്താവനയുണ്ടാകുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: