തിരുവനന്തപുരം: ഇടതു സര്‍ക്കാരിനു സിപിഎമ്മിനും എതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. മന്നത്തു പത്മനാഭന്റെ സമാധി ദിനത്തില്‍ സിപിഎം മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേയാണ് ഇപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.
ഇഎംഎസ് സര്‍ക്കാരിനെതിരെയുള്ള വിമോചനസമരത്തിന്റെ നായകനായിരുന്നു എന്ന കുറവൊഴിച്ചാല്‍ സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രമുഖനാണ് മന്നത്ത് പത്മനാഭനെന്ന് ദേശാഭിമാനി ലേഖനത്തില്‍ പറഞ്ഞിരുന്നു.
ദേശാഭിമാനിയില്‍ എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുകൂടിയായ വി.ശിവദാസന്റെതായിരുന്നു ലേഖനം. നവോത്ഥാന പ്രസ്ഥാനവും മന്നത്തു പത്മനാഭനും എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ സിപിഎം നേതാക്കളുമായുള്ള മന്നത്തിന്റെ ബന്ധമാണ് വിശദീകരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹ സംഘാടനത്തിന് നേതൃത്വം നല്‍കിയത് കെ.കേളപ്പനും എകെജിയും പി.കൃഷ്ണപിള്ളയും മന്നത്ത് പത്മനാഭനുമാണെന്ന് ലേഖനത്തില്‍ പറയുന്നു.
എകെജി നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹ ജാഥ വിജയിപ്പിക്കുന്നതില്‍ മന്നം വഹിച്ച പങ്കുവളരെ വലുതാണ്. പെരുന്നയിലെ വീട്ടില്‍ ജാഥാംഗങ്ങള്‍ക്ക് ഭക്ഷണം ഒരുക്കി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും മന്നത്തിന്റെ നവോത്ഥാന സമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണാനാവില്ലെന്നും വി.ശിവദാസന്‍ ലേഖനത്തില്‍ പറയുന്നു.
എന്നാല്‍, ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകം നിര്‍മിച്ച് 2018 മെയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തു പത്മനാഭനെ ഓര്‍മിക്കാനോ സ്മാരകത്തില്‍ പേര് ചേര്‍ക്കാനോ സര്‍ക്കാര്‍ തയാറാകാതിരുന്നത് അധാര്‍മികവും ബോധപൂര്‍വമായ അവഗണനയും ആണെന്ന് എന്‍എസ്എസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാനനായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയും, അതേസമയം അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രത്തില്‍ വന്ന ലേഖനവും സത്യഗ്രഹസമരസ്മാരകത്തില്‍ നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവും. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പു നയം എന്‍എസ്എസും അദ്ദേഹത്തിന്റെ ആരാധകരും തിരിച്ചറിയുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീവൈര്യത്തിന്റെ ഉറവിടം എന്തെന്നും എല്ലാവര്ക്കും മനസിലാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: