കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിറകേ, മമതാ ബാനര്‍ജിക്കുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) ഉയര്‍ത്തുന്ന പുതിയ മുദ്രാവാക്യത്തിനെതിരെ തിരിച്ചടിച്ച് ബിജെപി. ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍’ എന്നതാണ് ടിഎംസിയുടെ പുതിയ മുദ്രാവാക്യം. ഇതിനെതിരെ ശനിയാഴ്ച ബിജെപി സംസ്ഥാനഘടകം പോസ്റ്റര്‍ പുറത്തിറക്കി. ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍, പിഷി അല്ല’ എന്ന് പശ്ചിമ ബംഗാളിലെ ബിജെപി വനിതാ നേതാക്കളുടെ മുഖങ്ങളുള്ള പോസ്റ്ററില്‍ പറയുന്നു.
പ്രായമായ സ്ത്രീകളെ ബഹുമാനത്തോടെ വിളിക്കാന്‍ ഉപയോഗിക്കുന്ന ബംഗാളി വാക്കാണ് ‘പിഷി’. ബംഗാളി ഭാഷയില്‍ തന്നെയാണ് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയത്. രൂപ ഗാംഗുലി, ദിപോസി ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി, ഭര്‍തി ഘോഷ്, അഗ്നിമിത്ര പോള്‍ തുടങ്ങി ഒൻപത് നേതാക്കളുടെ മുഖങ്ങളാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിനൊപ്പം അമ്മായിയും അനന്തരവനും എന്ന് പറഞ്ഞ് മമതാ ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും ബിജെപി പരിഹസിക്കുകയും ചെയ്യുന്നു.
മമതാ ബാനര്‍ജിക്കും കുടുംബരാഷ്ട്രീയത്തിനുമെതിരെ വിമര്‍ശനമുയര്‍ത്തി നേരത്തേ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ അമ്മായിയും അനന്തരവനും എന്ന പരാമര്‍ശം നടത്തിയിരുന്നു. ഫെബ്രുവരി 20-നാണ് ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ടിഎംസി പുറത്തിറക്കിയത്. ബംഗാളിന്റെ മകളാണ് മമതയെന്ന പ്രചാരണമാണ് പാര്‍ട്ടി ഇതിലൂടെ നടത്തുന്നത്. മമതയുടെ ചിത്രത്തിനൊപ്പം ഈ മുദ്രാവാക്യമുള്ള ഹോര്‍ഡിംഗുകള്‍ കൊല്‍ക്കത്തയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: