കൊല്‍ക്കത്ത: സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനത്തിന്റെയും ഈറ്റില്ലം, രാജ്യത്തെ കരുത്തോടെ കാത്ത നേതാജി സുഭാഷ് ചന്ദ്രബോസും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും അരവിന്ദ ഘോഷും സ്വാമി വിവേകാനന്ദനും അടക്കമുള്ളവര്‍ പിറന്നു വീണ പുണ്യദേശം. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മം കൊണ്ട് പവിത്രമായ വംഗദേശം. അതാണ് ബംഗാള്‍. കോണ്‍ഗ്രസും പിന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവും അതിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ചു മുടിച്ച ബംഗാള്‍ വലിയ മാറ്റത്തിന്റെ പാതയിലാണ്. ദേശീയതയുടെ അതിശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ ബംഗാളിലെ ചര്‍ച്ചാ വിഷയം. സ്വാതന്ത്ര്യ സമരത്തിലൂടെ ദേശീയതയെ പുണര്‍ന്ന ബംഗാള്‍ പിന്നീട് നിരീശ്വരവാദികളുടെയും ദേശീയതയുടെ കടുത്ത എതിരാളികളുടെയും പിടിയിലായിരുന്നു. 34 വര്‍ഷമാണ് ഇടതുപക്ഷം ബംഗാള്‍ ഭരിച്ചത്. 1977 മുതല്‍ 2000 നവംബര്‍ അഞ്ചുവരെ 23 വര്‍ഷത്തിലേറെ ഭരിച്ചത് ജ്യോതിബസു. പിന്നെ 2000 നവംബര്‍ ആറു മുതല്‍ 2011 മെയ് 13 വരെ ബുദ്ധദേവ് ഭട്ടാചാര്യ. അങ്ങനെ രണ്ടു സിപിഎം മുഖ്യമന്ത്രിമാരാണ് 34 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ചത്. ‘മൂന്നര പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തോടെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളായി, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും. വ്യവസായങ്ങള്‍ തകര്‍ന്നു. കാര്‍ഷിക വളര്‍ച്ച മുരടിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖല നശിച്ചു. അഴിമതിയും രാഷ്ട്രീയ അക്രമങ്ങളും കൊടികുത്തി വാണു. ‘ഇടതു ഭരണത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പട്ടിണിക്കാര്‍ ബംഗാളിലുണ്ടായി’. എക്കണോമിക് ടൈംസ് 2011ല്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
2007ലെ സാമ്പിള്‍ സര്‍വ്വേ പ്രകാരം 11 ശതമാനം കുടുംബങ്ങളാണ് പട്ടിണിയിലാണ്ടിരുന്നത്. വ്യവസായത്തിന്റെ പേരില്‍ ഇവരില്‍ നിന്ന് ആകെയുള്ള ഭൂമി കൂടി പിടിച്ചു പറിക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ പൊട്ടിത്തെറിച്ചത്. സിംഗൂരിലും നന്ദിഗ്രാമിലും പ്രക്ഷോഭം ആളിപ്പടര്‍ന്നത്. ആയിരങ്ങളെ ജയിലിടച്ചു, പാവങ്ങളെ തല്ലിച്ചതച്ചു, അന്‍പതോളം പേരെയാണ് മേദിനിപ്പൂരില്‍ മാ്രതം പോലീസ് കൊന്നൊടുക്കിയത്. ബംഗാളിലെ ജനങ്ങള്‍ പരിപൂര്‍ണമായും ഇടത് വിരുദ്ധരായി മാറി. ഈ ശൂന്യത മുതലെടുത്താണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. അഴിമതിക്കും ജനവഞ്ചനയ്ക്കും എതിരെ, നന്ദിഗ്രാമിലേത് അടക്കമുള്ള സമരങ്ങള്‍ക്ക് അനുകൂലമായി അവര്‍ ഇറങ്ങിയതോടെ ജനങ്ങള്‍ അവര്‍ക്കൊപ്പമായി. പകരം വയ്ക്കാന്‍ മറ്റൊരു കക്ഷിയും ഇല്ലാതെ വരികകൂടി ചെയ്തതോടെ മമത വന്‍ വിജയമാണ് 2011ലെ തെരഞ്ഞെടുപ്പില്‍ നേടിയത്. 2011മെയ് 20ന് മമത മുഖ്യമന്ത്രിയായി. എന്നാല്‍ അധികാരത്തിലെത്തിയതോടെ മമതയും വന്ന വഴി മറന്നു. അക്രമരാഷ്ട്രീയം തുടങ്ങി.
ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് നുഴഞ്ഞു കയറ്റക്കാരെ ഉപയോഗിച്ചാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം ഭരണം നിലനിര്‍ത്തിയതും അക്രമരാഷ്ട്രീയം കളിച്ചതും എതിരാളികളെ ഒതുക്കിയതും. അവരായിരുന്നു സിപിഎമ്മിന്റെ വോട്ടു ബാങ്കും.
അധികാരത്തില്‍ വന്നതോടെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ പറഞ്ഞതെല്ലാം മമത സൗകര്യപൂര്‍വ്വം മറന്നു. അവരെ വോട്ട് ബാങ്കാക്കിയ മമത അവരെ ഉപയോഗിച്ച് രാഷ്ടീയ എതിരാളികളെ തല്ലിയൊതുക്കി. സിപിഎം ചെയ്തത് എല്ലാം അവരും ചെയ്തു. 2016ലെ തെരഞ്ഞെടുപ്പിലും അവര്‍ അധികാരത്തില്‍ വന്നുവെങ്കിലും പരിവര്‍ത്തനത്തിന്റെ കേളികൊട്ട് ഇതിനകം ഉയര്‍ന്നിരുന്നു. കേവലം പത്തു കൊല്ലം ജനങ്ങള്‍ മമതയെ തിരിച്ചറിഞ്ഞരിക്കുന്നു. ഇതിന്റെ തുടക്കമായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. മൊത്തമുള്ള 42 ലോക്സഭാ സീറ്റുകളില്‍ 18 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയ തൃണമൂലിന് 22 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ടു സീറ്റുകളും. ഇടതു പക്ഷത്തിന് ഒരു സീറ്റുപോലുമില്ല.
ഇന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ ഒരു ശക്തിയേയല്ല. സിപിഎം അടക്കമുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും കുറേക്കാലമായി സഖ്യമായിട്ടാണ് ബംഗാളില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യമുണ്ടായിട്ടും പച്ച തൊട്ടില്ല. ജനങ്ങള്‍ രണ്ടു പാര്‍ട്ടികളെയും പൂര്‍ണമായും തഴഞ്ഞു. തൃണമൂലിന് ബദലായി ബിജെപി ബംഗാളില്‍ വളര്‍ന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിച്ച ബിജെപി അതേ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തൃണമൂലില്‍ നിന്നും സിപിഎമ്മില്‍ നിന്നും വന്‍തോതിലാണ് എംഎല്‍എമാരും നേതാക്കളും അണികളും ഇന്ന് ബിജെപിയിലേക്ക് ഒഴുകിയെത്തുന്നത്. സിപിഎമ്മിന്റെ പല നേതാക്കളും ഇന്ന് ബിജെപിയിലുണ്ട്. മമതയുടെ വലംകൈയായിരുന്ന മുകുള്‍ റോയി ഇന്ന് ബിജെപിയിലാണ്. മമതയ്ക്കു വേണ്ടി നന്ദിഗ്രാമില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച, ആ സമരത്തിന്റെ യഥാര്‍ഥ നായകനായിരുന്ന സുവേന്ദു അധികാരിയും ഇന്ന് ബിജെപിയിലാണ്. പൗരത്വ രജിസ്റ്റര്‍ തയാറാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. ഇതുവഴി യഥാര്‍ഥ പൗരന്മാരല്ലാത്ത, ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരെ കണ്ടെത്തി അവരെ പുറത്താക്കുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് ബംഗാളില്‍ അനധികൃതമായി കഴിയുന്നത്. ഇവര്‍ കാരണം ബംഗാളികള്‍ക്ക് തൊഴില്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്.
ബംഗാള്‍ നിയമസഭ
മൊത്തം അംഗസംഖ്യ -294
ഭരണമുന്നണി -211 സീറ്റുകള്‍ (തൃണമൂല്‍ കോണ്‍ഗ്രസ് 209, ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച 2)
പ്രതിപക്ഷം -46
കോണ്‍ഗ്രസ്- 23
സിപിഎം -19
ഫോര്‍വേര്‍ഡ് ബ്ലോക്ക് 2
ആര്‍എസ്പി -2
മറ്റുള്ളവര്‍- ബിജെപി- 27
ഒഴിവുള്ള സീറ്റുകള്‍ -10
പ്രതികരിക്കാൻ ഇവിടെ എഴുതുക: