കോഴിക്കോട്: ഭാരതീയ സംസ്കൃതിയുടെ ആഴവും പരപ്പും മലയാള കവിതയുടെ കരുത്താക്കി മാറ്റിയ ഋഷി തുല്യനായിരുന്നു വിഷ്ണു നാരായണന് നമ്പൂതിരിയെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചിച്ചു.
ധര്‍മ വഴിയില്‍ സഞ്ചരിച്ച കാവ്യ ജീവിതമായിരുന്നു വിഷ്ണു നാരായണന് നമ്പൂതിരിയുടേത്. പ്രകൃതിയുടെയും മാനവികതയുടെയും ആന്തരശ്രുതികള്‍ ലയിച്ചു ചേര്‍ന്ന ആ കവിതകള്‍ ഋതുഭേദങ്ങള്പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. ആത്മീയതയുടെ ഉള്ളുണര്‍വുകള്‍ ആ കവിതകളില്‍ കാണാം.
തപസ്യയുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് വിഷ്ണു നാരായണന് നമ്പൂതിരിക്ക് ഉണ്ടായിരുന്നത്. ദര്‍ശന ഗരിമയാര്‍ന്ന നിരവധി പ്രഭാഷണങ്ങള്‍ കവി നടത്തിയിട്ടുള്ളത് തപസ്യയുടെ വേദികളില്‍ നിന്നാണ്. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല, ഉണ്ടായിട്ടും വേണ്ടാത്തവര്‍ എന്ന ഒരു വിഭാഗം കൂടിയുണ്ടെന്നും, അവരാണ് ഭാരതീയ സംസ്കാരത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളെന്നും കവി പ്രഖ്യാപിച്ചത് തപസ്യയുടെ വേദിയില്‍നിന്നാണ് എന്ന കാര്യം ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
ആരോടും പകയില്ലാതെ, ആരെയെങ്കിലും ആക്രമിക്കണമെന്നുവച്ച് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാതെ, എന്തിനേറെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ഒരു ഒളിയമ്പുപോലും എയ്യാത്ത മഹദ് ജീവിതമായിരുന്നു വിഷ്ണു നാരായണന് നമ്പൂതിരിയുടേത്. മഹാകവിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആ ഗുരുപ്രസാദത്തിന് ഞങ്ങളുടെ കൂപ്പുകൈ. തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്, വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: