തിരുവനന്തപുരം: കവിയും, അധ്യാപകനും, നിരൂപകനുമായ, വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മലയാള കവിതയില്‍ പാരമ്പര്യ ശൈലിക്കൊപ്പം ആധുനികതയെയും സന്നിവേശിപ്പിച്ച കവിയായിരുന്നു വിഷ്ണു നാരായണന് നമ്പൂതിരി.
മാനുഷിക മൂല്യങ്ങളും, പ്രകൃതിയും, ആത്മീയതയുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു. ഭാരതീയ ചിന്തധാരകളുടെ സ്വാധീനത്തിനൊപ്പം ആംഗലേയ സാഹിത്യത്തിലുള്ള അഗാധ പാണ്ഡിത്യവും വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കി.
അദ്ദേഹത്തിന്റെ ഓരോ കൃതിയും വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തു വച്ചു. മണ്ണിനെയും മനുഷ്യനെയുംക്കുറിച്ച് വ്യാകുലപ്പെട്ടിരുന്ന കവി സാഹിത്യ ലോകത്ത് ഉന്നത ശ്രേണിയില്‍ വിരാജിക്കുമ്പോഴും ലളിത ജീവിതം നയിച്ചു.
സ്ഥാനമാനങ്ങളേക്കാള്‍ വലുതായി ഈശ്വരസേവയാണ് കര്‍മ്മപഥത്തില്‍ ഏറ്റവും ശ്രേഷ്ഠമെന്ന തിരിച്ചറിഞ്ഞ കവി അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയാകുന്നതില്‍ സംതൃപ്തിയും സായൂജ്യവും കണ്ടെത്തി. പത്മശ്രീ നല്കി രാജ്യം ആദരിച്ച കവിയുടെ വേര്‍പാട് സാഹിത്യ, സാംസ്കാരിക മേഖലയില്‍ നികത്താനാവാത്ത നഷ്ടമാണെന്നും വി. മുരളീധരന് അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: