ശ്രീവല്ലഭനെ പൂജിക്കുകയും ധ്യാനിക്കുകയും ചെയ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിഷ്ഠയോടെയുള്ള ജീവിതം മാതൃകയാണ്. ”ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ” എന്നു പറയുന്ന കവിയുടെ കവിതകളെല്ലാം തന്നെ ഭൂമിയിലെ ജീവിതത്തോടുള്ള അഗാധമായ മമതയില്‍ നിന്നുയിര്ക്കൊണ്ടവയാണ്.
മണ്ണിനെ വാനിന്റെ വിണ്ണാക്കി മാറ്റാന്‍ പോന്ന ഭൂരാഗത്തിന്റെ വിസ്മയങ്ങളെക്കുറിച്ച് അദ്ദേഹം കവിതകളില്‍ ചേര്‍ത്തുവച്ചു. ദാര്‍ശനിക പാരമ്പര്യത്തെ ലോകസമക്ഷം അവതരിപ്പിച്ച കാളിദാസന്റെ സൗന്ദര്യവും സമൃദ്ധിയും ഉള്‍ക്കൊണ്ട കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സൈക്കിള്‍ യാത്ര ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തന്റെ കര്‍മ്മങ്ങള്‍ പ്രകൃതിയോട് ചേര്ന്നുള്ളതാകണമെന്ന് നിനച്ചിരുന്നു.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജീവിതവഴിയിലൂടെ:
- ജനനം 1939 ജൂണ്‍ രണ്ടിന് തിരുവല്ലയില്‍. പിതാവ് മേപ്രാല്‍ ശ്രീവല്ലി ഇല്ലത്തെ വിഷ്ണു നമ്പൂതിരി, മാതാവ് തിരുവല്ല കാരയ്ക്കല്‍ കലന്താറ്റില്‍ ഗുരുക്കള്‍ ഇല്ലത്തെ അദിതി അന്തര്‍ജനം.
- കുട്ടിക്കാലത്ത് സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍നിന്ന് സംസ്കൃതവും വേദവും പഠിച്ചു.
- കൊച്ചുപെരിങ്ങര സ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു.
- ചങ്ങനാശേരി എസ്ബി കോളജില്‍ ഊര്ജതന്ത്രത്തില് ഇന്റര്‍മീഡിയറ്റ് പഠനം. എസ്ബിയില്‍ പഠിക്കുമ്പോള്‍ 1956 ല്കോളജ് മാഗസിനില്‍ കവിത പ്രസിദ്ധീകരിച്ചു.
- പെരിങ്ങര സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി.
- കോഴിക്കോട് ദേവഗിരി കോളജില്‍ ഇംഗ്ലിഷ് എംഎ പഠനം.
- എംഎ കഴിഞ്ഞ് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലിഷ് അധ്യാപകന്. പിന്നീട് കൊല്ലം എസ്എന്‍ കോളജിലും വിവിധ സര്‍ക്കാര്‍ കോളജുകളിലും അധ്യാപകന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് വകുപ്പ് അധ്യക്ഷനായി വിരമിച്ചു.
- 1962 ല്‍ വിദ്യാലോകം മാസികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് പല പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു.
- 2014ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
- വിരമിച്ച ശേഷം മൂന്നു വര്‍ഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി.
- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
- കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിത്വം വഹിച്ചു.
പുരസ്കാരങ്ങള്‍
2014 ലാണ് രാജ്യം പത്മശ്രീ പുരസ്കാരം നല്കി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ആദരിച്ചത്. അതേവര്‍ഷം തന്നെ എഴുത്തച്ഛന് പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്( 1979), ഓടക്കുഴല്‍ അവാര്‍ഡ്( 1983), ചങ്ങമ്പുഴ അവാര്‍ഡ്( 1989), ഉള്ളൂര്‍ അവാര്‍ഡ്( 1992), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1994), ആശാന് പുരസ്കാരം( 1996) , വയലാര്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം( 2010) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, സാഹിത്യ കലാനിധി ബിരുദം, സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരം എന്നിവയും ലഭിച്ചു.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, ഭൂമി ഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം, മുഖം എവിടെ, അപരാജിത, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, പ്രണയ ഗീതങ്ങള്‍, പരിക്രമം, ഉജ്ജയിനിയിലെ രാപകലുകള്‍, ശ്രീവല്ലി, എന്റെ കവിത തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കവിതയുടെ ഡിഎന്‍എ, അസാഹിതീയം, അലകടലും നെയ്യാമ്പലുകളും എന്നിവ ലേഖന സമാഹാരങ്ങളും, ഋതു സംഹാരം, ഗാന്ധി, സസ്യലോകം, കുട്ടികളുടെ ഷേക്സ്പിയര് എന്നിവ വിവര്‍ത്തനങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: