മഹാകവി അക്കിത്തം, സുഗതകുമാരി, ഇപ്പോഴിതാ വിഷ്ണു നാരായണന്‍ നമ്പൂതിരിയും. മലയാള കാവ്യലോകത്തെ വലിയ നിര അസ്തമിക്കുകയാണ്. കവി, അധ്യാപകന്‍, യാത്രികന്‍ എന്നീ നിലകളില്‍ ഭാഷയെ ധന്യമാക്കുകയും, അര്‍ത്ഥപൂര്‍ണമായ ഒരു അക്ഷര പ്രപഞ്ചം കൈരളിക്കു സമ്മാനിക്കുകയും ചെയ്ത തേജസ്സാര്‍ന്ന ഒരു വ്യക്തിത്വമാണ് അനശ്വരതയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മനുഷ്യത്വത്തിന്റെ പരമമായ അവസ്ഥയായി കരുതപ്പെടുന്ന നിര്‍വികല്‍പ്പ സമാധിയിലെന്നപോലെ രണ്ട് വര്‍ഷത്തോളമായി ഓര്‍മകളൊന്നും അവശേഷിക്കാതിരുന്ന ലോകത്തുനിന്നാണ് കവി അപ്രത്യക്ഷനായിരിക്കുന്നത്. വേദേതിഹാസ പുരാണങ്ങള്‍ അറിഞ്ഞുവളര്‍ന്ന കുട്ടിക്കാലത്തു തന്നെ കവിതയുടെ കൈപിടിക്കുകയും, അതിവിശിഷ്ടമായ അധ്യാപന ജീവിതത്തിലൂടെ തലമുറകള്‍ക്ക് വിദ്യയുടെ അഗ്നി പകര്‍ന്നു നല്‍കുകയും, ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഇഷ്ടദേവതയായ ശ്രീവല്ലഭേശ്വരന്റെ സവിധത്തില്‍ സ്വയം സമര്‍പ്പിതനാവുകയും ചെയ്ത മഹാത്മാവായിരുന്നു ഈ കവി. എപ്പോഴും കൂട്ടിനുണ്ടായിരുന്ന കവിത യഥാസമയങ്ങളില്‍ എല്ലാ ലാവണ്യഭംഗികളോടെയും അനുവാചകരെ തേടിയെത്തി.
അതിസമ്പന്നവും ദര്‍ശന ദീപ്തവുമാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകം. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമി ഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിങ്ങനെയുള്ള സമാഹാരങ്ങള്‍ അനന്യമായ കാവ്യാവിഷ്‌കാരങ്ങളാണ്. പാശ്ചാത്യ സംസ്‌കാരത്തോട് ഒരിക്കലും വിപ്രതിപത്തി പുലര്‍ത്താതിരുന്ന ഈ കവി പാരമ്പര്യത്തോട് പുറംതിരിഞ്ഞു നിന്നതുമില്ല. കാളിദാസനോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തിയ കവിയുടെ രചനകളില്‍ പ്രകൃതിയും സംസ്‌കൃതിയും നിറഞ്ഞുനിന്നു. കാളിദാസന്റെ ഋതുസംഹാരം എന്ന മഹാകാവ്യം മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ അതൊരു പരിഭാഷയായല്ല, മറ്റൊരു മഹാകാവ്യമായി മാറുകയായിരുന്നു. കാളിദാസ കൃതിയിലെ പ്രകൃതിവര്‍ണനകളുടെ സൂക്ഷ്മതയത്രയും മൊഴിമാറ്റത്തില്‍ ആവാഹിച്ചിട്ടുള്ളത് സഹൃദയരെ ആസ്വദിപ്പിക്കുക മാത്രമല്ല, അമ്പരപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദര്‍ശനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ഗാഢമായ ധ്വനികള്‍ കേള്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള കവിയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി.
ഭാരതീയ സംസ്‌കൃതിയോടുള്ള വിഷ്ണു നാരായണന്‍ നമ്പൂതിരിയൂടെ പ്രതിജ്ഞാബദ്ധത അചഞ്ചലമായിരുന്നു. അനുദിനമെന്നോണം അത് തിടംവച്ചുനിന്നു. ഹിമാലയത്തിന്റെ വിശുദ്ധിയെക്കുറിച്ചും ഗംഗയുടെ പുണ്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു പറയുന്നതില്‍ കവി ആത്മനിര്‍വൃതിയനുഭവിച്ചു. പല വിദേശ നാടുകളും സന്ദര്‍ശിച്ചിട്ടുള്ള കവി എട്ട് പ്രാവശ്യമാണ് ഹിമാലയ യാത്ര നടത്തിയിട്ടുള്ളത് എന്നതില്‍നിന്നു തന്നെ ഇത് വ്യക്തമാണ്. ”ശിലാജാഢ്യം പിളര്‍ന്നെത്തും ഇന്ത്യയെന്ന വികാരമേ അന്തഃകരണ പുഷ്പത്താല്‍ നിന്നെ അര്‍ച്ചന ചെയ്‌വൂ ഞാന്‍” എന്ന വരികളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഭാരതീയതയോടുള്ള നിതാന്തവും തീവ്രവുമായ ആഭിമുഖ്യമാണ്. മികച്ച ഇംഗ്ലീഷ് അധ്യാപകനായിരിക്കുമ്പോള്‍ തന്നെ സംസ്‌കൃതത്തിന്റെ മഹത്വത്തില്‍ കവി അഭിമാനംകൊണ്ടു. സംസ്‌കൃത ഭാഷയെ ശരിയായി മനസ്സിലാക്കുന്നതില്‍ സാക്ഷാല്‍ മാക്‌സ്മുള്ളര്‍പോലും പരാജയപ്പെട്ടുവെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. പാരമ്പര്യത്തോടുള്ള ഈ ആരാധനയാലാണ് ഹാന്‍സ് എന്നു പേരുള്ള കൃഷ്ണഭക്തനായ ഒരു നോര്‍വീജിയന്‍ വംശജനെ കശ്മീരില്‍ ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയപ്പോള്‍ കവി ഹൃദയം നുറുങ്ങുന്നതുപോലെ വിലപിച്ചത്. കവിയെന്നതിനുപരി ഭാരതീയ സംസ്കൃതിയെ ആത്മാവിലേറ്റു വാങ്ങിയ ഋഷിതുല്യനായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. മഹാകവിക്ക് ഞങ്ങളുടെ ബാഷ്പാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക