ന്യൂദല്‍ഹി: ഇന്ത്യയോട് ശത്രുതയുള്ള ചില വിദേശസംഘടനകള്‍ കര്‍ഷകസമരത്തെ അവരുടെ സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് ചില ഇന്തോ-കനേഡിയന്‍ സംഘടനകള്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കയച്ച കത്തിലാണ് കാനഡയിലുള്ള ഈ സംഘടനകളുടെ കടുത്ത വിമര്‍ശനം. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് തുടങ്ങി ചില ഖാലിസ്ഥാന്‍ പിന്തുണയുള്ള സംഘടനകള്‍ ഇന്ത്യയിലെ കര്‍ഷകസമരത്തെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് കാനഡയിലെ ഇന്ത്യക്കാരുടെ സംഘടനകളുടെ ഈ പ്രതിഷേധമെന്നറിയുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയേയും ഈ സംഘടനകള്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സമരക്കാരുടെ രീതികളെ അവര്‍ വിമര്‍ശിച്ചു. പക്വതയാര്‍ന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും കത്തില്‍ വിശദീകരിക്കുന്നു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ആത്മനിര്‍ഭര്‍ ഭാരത് യജ്ഞത്തിനും സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. കരാര്‍ ഫാമിംഗ് അനുദവിക്കുന്ന, കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്ന തല്പരകക്ഷികളുടെ ഏകാധിപത്യത്തെ തകര്‍ക്കുന്ന, കാര്‍ഷികമേഖലയിലേക്ക് പുത്തന്‍സാങ്കേതികവിദ്യ കൊണ്ടുവരുന്ന, ചരക്കുകളുടെ ശേഖരണത്തെ സ്വതന്ത്രമാക്കുന്ന, കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ഒന്നാണ് പുതിയ കാര്‍ഷികനിയമങ്ങളെന്നും സംഘടനകള്‍ വിശദീകരിച്ചു.
താങ്ങുവില തുടരാന്‍ അനുവദിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ സംഘടന പിന്തുണച്ചു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമരം ചെയ്യുന്ന ഇടനിലക്കാരുമായി പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അഭിനന്ദിച്ചു.
കാനഡ-ഇന്ത്യ ഗ്ലോബല്‍ ഫോറം, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആന്റ് കാനഡ, ദി ഭാരത് ഭവന് ഫൗണ്ടേഷന്, ഇന്ത്യ കാനഢ അസോസിയേഷന് ഓഫ് മോണ്ട്രിയല്, ശ്രി രാംജി ടെമ്പിള്‍ മന്ദാത മോണ്ട്രിയല്, ഗുജറാത്തി സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന് ഓഫ് മോണ്ട്രിയല്, ഇന്ത്യ കമ്മ്യൂണിറ്റി സര്‍വ്വീസസ്, ഇന്തോ കനേഡിയന്‍ അലിയന്‍സ് എന്നീ സംഘടനകളാണ് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: