റോം: പതിനേഴു വയസും 363 ദിവസങ്ങളും… കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാല അടിച്ചത് ചരിത്രത്തിലേക്കുള്ള ഗോള്‍. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന നേട്ടത്തിന്റെ വല കുലുക്കുകയായിരുന്നു ജമാല്‍. ജമാലിന്റേതടക്കം എണ്ണം പറഞ്ഞ നാലു ഗോളുകള്‍ ലാസിയോയുടെ വലയിലിട്ട് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ബയേണ്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ഒറ്റ ഗോളിന്റെ മറുപടിയേ ലാസിയോയ്‌ക്കുണ്ടായിരുന്നുള്ളൂ.
ഹോം മാച്ചിന്റെ ആനുകൂല്യത്തില്‍ കളിച്ചു തുടങ്ങിയത് ലാസിയോ. പക്ഷേ ഒന്‍പതാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളില്‍ മുന്നിലെത്തിയത് ബയേണ്‍. തുടക്കത്തില്‍ത്തന്നെ ഗോള്‍ വീണതിന്റെ ആഘാതത്തില്‍ പതറിപ്പോയ ലാസിയോ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി ഇരുപത്തിനാലാം മിനിറ്റില്‍ മധുരപ്പതിനേഴുകാരന്റെ ഗോള്‍. ലാസിയോ പോസ്റ്റിനു മുന്നില്‍ നിന്ന് ഏതാനും വാര അകലെ കിട്ടിയ പന്ത് പിന്നെയൊരു നീക്കത്തിനു മിനക്കെടാതെ മികച്ച ഷോട്ടിലൂടെ ഗോളാക്കി ജമാല്‍. ബയണ്‍ നിരയില്‍ നിന്ന് ഡേവിസ്-ഗോരെറ്റ്‌സ്‌ക കൂട്ടുകെട്ടിന്റെ നീക്കത്തിനൊടുവിലാണ് ജമാലിനു പന്തു കിട്ടിയത്. ജമാലിന്റെ ഷോട്ട് തടയാനുള്ള ലാസിയോ ഗോളി ജോസ് റീനയുടെ ഫുള്‍ലെങ്ത് ഡൈവ് വിഫലം. പതിനെട്ടാം പിറന്നാളിനു തൊട്ടുമുമ്പുള്ള ആഘോഷമായി ആ ഗോള്‍. ബയേണ്‍ 2-0നു മുന്നില്‍.
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ലിറോയി സാനെ ലീഡുയര്‍ത്തി. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ലാസിയോയുടെ ഫ്രാന്‍സെസ്‌കോ അസര്‍ബി സ്വന്തം നെറ്റിലേക്ക് ഗോളടിച്ചപ്പോള്‍ ബയേണിന്റെ ലീഡ് 4-0. നാല്‍പ്പത്തൊമ്പതാം മിനിറ്റില്‍ ജോക്വിന്‍ കോറിയയുടെ വകയായിരുന്നു ലാസിയോയുടെ ആശ്വാസ ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ പതിനെട്ടു മത്സരങ്ങളില്‍ ബയേണ്‍ പരാജയം അറിഞ്ഞിട്ടില്ല. അതില്‍ പതിനേഴും വിജയങ്ങളായിരുന്നു. മാര്‍ച്ച് പതിനേഴിന് രണ്ടാം പാദം മ്യൂണിക്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: