തിരുവനന്തപുരം: കേരളത്തില്‍ സാമൂഹിക നീതി അട്ടിമറിച്ചു കൊണ്ട് മതേതരത്വം തകര്‍ക്കുകയാണ് ഇരു മുന്നണികളുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മതത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ പങ്കുവെക്കുകയാണ് ഇരു മുന്നണികളുമെന്നും കോഴിക്കോട് വിജയയാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോഴിക്കോട് മേയര്‍, ഡെപ്യൂട്ടി മേയര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ ചുമതലകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കിയപ്പോള് അടിസ്ഥാന ജനവിഭാഗങ്ങള്‍ അവഗണിക്കപ്പെട്ടു.
ജില്ലയിലെ പല മണ്ഡലങ്ങളും ഒരു പ്രത്യേക സമുദായത്തിന് റിസര്‍വേഷന്‍ ചെയ്യുന്നു. കോഴിക്കോട് സൗത്ത്, കുന്നമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങള്‍ ഇതിന്റെ ഉദ്ദാഹരണം. സാമൂഹിക സന്തുലനാവസ്ഥ പാലിക്കപ്പെടുന്നില്ല. കൊടുവള്ളി കെ.മുരളീധരന് പോലും പരാജയപ്പെട്ടു. രാഷ്ട്രീയത്തെ വര്‍ഗീയ ശക്തികളുടെ ആലയിലേക്ക് കൊണ്ടുപോവുകയാണ് ഇടതു-വലതുപക്ഷം. നഗരത്തിലുള്ള കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ സമുദായത്തിലെ നേതാക്കള്‍ കൊയിലാണ്ടിയിലേക്കും നാദാപുരത്തേക്കും പാലായനം ചെയ്യുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നല്കിയ എം.എല്‍.എയെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയിപ്പിച്ചില്ലെ. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഇടപെടുകയാണ്. മലബാര്‍ സംസ്ഥാന രൂപീകരണത്തിന് മുസ്ലിംലീഗും എസ്ഡിപിഐയും ശ്രമിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പറഞ്ഞ വിജയരാഘവന് 24 മണിക്കൂര്‍ കൊണ്ട് നിലപാട് മാറ്റേണ്ടി വന്നു. പാണക്കാട്ടെ തങ്ങളെ വിമര്‍ശിച്ച വിജയരാഘവനെ സിപിഎം സെക്രട്ടറിയേറ്റ് തിരുത്തുന്നു. ഇത്തരം മതേതരത്തത്തിന് പൊളിച്ചെഴുത്ത് വേണം.
അഴിമതി മറയ്ക്കാനാണ് മതത്തെ ഉപയോഗിക്കുന്നത്. പാലോളി കമ്മിറ്റിക്ക് സമാനമായ ഒരു കമ്മിറ്റി പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി വെക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?. വികസന മാതൃകയില്‍ മോദിയെ പിന്തുടരാന് കേരളം തയ്യാറാവണം. കക്ഷിരാഷ്ട്രീയത്തിനപ്പുറം വലിയൊരു വിഭാഗം ജനങ്ങള്‍ വിജയയാത്രയില്‍ പങ്കാളികളായി. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്നു അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: