ന്യൂദല്‍ഹി : മരട് ഫ്ളാറ്റ് നഷ്ടപരിഹാരത്തുകയുടെ പകുതി ആറാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തിലാണ് ഈ കോടതി നിര്‍ദ്ദേശം. പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കളായ ജെയിന് ഹൗസിങ്, ഗോള്‍ഡന്‍ കായലോരം, എന്നീ ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തുക കെട്ടിവെയ്ക്കുന്ന് സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ ആസ്തി തിരികെ നല്‍കുന്നതിനുള്ള അനുമതിയും നല്‍കുന്നതാണ്. അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഫ്ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കേണ്ട തുക സുപ്രീം കോടതി കണക്കാക്കിയിരിക്കുന്നത്. ഫ്ളാറ്റുകളുടെ നിര്‍മാണത്തിന് ആയി ഉടമകളില്‍ നിന്ന് ജയിന് ഹൗസിങ് കൈപ്പറ്റിയത് 28,53,80,634 രൂപ ആണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ആയി സമിതിക്ക് ജയിന് ഹൗസിങ് നേരത്തെ കൈമാറിയിട്ടുണ്ട്.
ബാക്കി തുകയുടെ പകുതി ആയ 12.24 കോടി രൂപ കെട്ടിവച്ചാല്‍ ജയിന് ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ ആസ്തികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ കണ്ടു കെട്ടിയ ആസ്തിയില്‍ ചെലവന്നൂരിലെ ഭൂമി മാത്രം വിറ്റാല്‍ 93 കോടി ലഭിക്കും എന്ന് ജയിന് ഗ്രൂപ്പിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന് അഭിഷേക് മനു സിങ്വിയും, അഭിഭാഷകന് എ കാര്‍ത്തിക്കും ചൂണ്ടിക്കാട്ടി.
13.57 കോടി രൂപയാണ് ഫ്ളാറ്റ് നിര്‍മാണത്തിന് ഉടമകളില്‍ നിന്ന് ഗോള്‍ഡന്‍ കായലോരം ഗ്രൂപ്പ് കൈപ്പറ്റിയത്. ഇതിന്റെ പകുതി ആയ 6.68 കോടി രൂപയാണ് കണ്ടുകെട്ടിയ ആസ്തികള്‍ തിരികെ ലഭിക്കുന്നതിനുള്ള അനുമതിക്ക് ആയി ഗോള്‍ഡന്‍ കായലോരം കെട്ടിവയ്ക്കേണ്ടത്. ഇതില്‍ 2.89 കോടി രൂപ നേരത്തെ സമിതിക്ക് കൈമാറിയതിനാല്‍ ഇനി നല്‍കേണ്ടത് 3.79 കോടി രൂപ ആണ്.
ചീഫ് സെക്രട്ടറിക്ക് എതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ട് കോടതി തേടി. സംവിധായകന് മേജര്‍ രവി ആണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. നഷ്ടപരിഹാര വിതരണം സംബന്ധിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിര്‍മാതാക്കളുടെ അപേക്ഷ രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. തീരദേശ നിയമം പാലിക്കാതെ നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: