വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ആയിരക്കണക്കിന് കഴുതകളെ ദിവസേന കൊന്നൊടുക്കുന്നു. കഴുത ഇറച്ചിക്ക് പ്രിയമേറിയതോടെയാണിത്. വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ മേഖലകളിലാണ് കഴുതകളെ ഇറച്ചിയ്‌ക്കായി കശാപ്പ് ചെയ്യുന്നത്.
ആന്ധ്രയുടെ വിവിധ ജില്ലകളിൽ കഴുത മാംസത്തിന് ആവശ്യക്കാർ ഏറെയെന്നാണ് റിപ്പോർട്ടുകൾ. കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചിലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്തുണ്ടായ പ്രതിഭാസമാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ പ്രതികരണം.
ആന്ധ്രയിൽ കഴുതകൾ ലഭ്യമല്ലാതെ വന്നതോടെ രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളിൽ നിന്നു പോലും മൃഗങ്ങളെ എത്തിക്കുന്നുവെന്നാണ് കക്കിനാടയിലെ ഒരു മൃഗസംരക്ഷണ സംഘടനയായ അനിമൽ റെസ്ക്യുവിന്റെ സെക്രട്ടറിയായ ഗോപാൽ ആർ സുരബതുല പറയുന്നത്. സംസ്ഥാനത്ത് കഴുത മാംസം വിൽക്കുന്നതിനായി പല ക്രിമിനൽ സംഘങ്ങൾ സംയുക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു സംഘം മാംസ സംഭരണം കൈകാര്യം ചെയ്യുമ്പോൾ മറ്റ് സംഘങ്ങൾ ഇറച്ചി വെട്ടുന്നതിലും വിൽപ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
‘ഭക്ഷിക്കാനുള്ള മൃഗ’ങ്ങളുടെ’കൂട്ടത്തിൽ കഴുത ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: