തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടൂനിന്നതിനു പിന്നാലെ സംസ്ഥാനത്ത് ഉടനീളം നടന്ന നാമജപ ഘോഷയാത്ര അടക്കം പ്രക്ഷോഭങ്ങളില്‍ ഭക്തര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഇതുകൂടാതെ, പൗരത്വം നിയമത്തിനെതിരേ നടന്ന പ്രക്ഷോഭ കേസുകളും പിന്‍വലിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കുക.
ശബരിമലയിലെ യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ശബരിമല കര്‍മ സമിതിയും അടക്കം ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു..
തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് കേസില്‍ ഉള്‍പ്പെട്ട ഏറിയ ഭാഗവും. സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതിലും വളരെ ഗൗരവമേറിയ പല കേസുകളും പല കാരണങ്ങളാലും ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിക്കുന്ന സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്ത കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: