ന്യൂദല്‍ഹി : കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഉണ്ടെങ്കില്‍ മാത്രമേ ഇനിമുതല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തലസ്ഥാന നഗരിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിയന്ത്രണം മറ്റന്നാള്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ മാര്‍ച്ച് 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ദല്‍ഹിയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ പക്കല്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് കര്‍ണ്ണാടക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വിമാന മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുന്നവര്‍ക്കും 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും കര്‍ശ്ശന പരിശോധന ഉണ്ടായിരിക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാരും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: