മുംബൈ: അധോലോക തലവന്‍ രവി പൂജാരിയെ മുംബൈ സെഷന്‍സ് കോടതിക്കു മുമ്പാകെ ഇന്ന് ഹാജരാക്കി. 2016 ഒക്ടോബര്‍ 21ന് വിലെ പാര്‍ലെയിലെ റെസ്റ്റോറന്റില്‍ നടന്ന വെടിവയ്‌പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ബംഗളൂരുവില്‍നിന്ന് മുംബൈയിലെത്തിച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് ഒന്‍പതുവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന രവി പൂജാരിയെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കര്‍ണാടകയിലെ ബംഗളൂരുവിലുള്ള ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
രവി പൂജാരിയെ മുംബൈ പൊലീസിന് കൈമാറാന്‍ കര്‍ണാടക കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മുംബൈ പൊലീസിന്റെ സംഘം ഈ മാസം 20ന് ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. റോഡ് മാര്‍ഗം ചൊവ്വാഴ്ച രാവിലെ ഇയാളെ മുംബൈയില്‍ എത്തിച്ചു. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രവി പൂജാരിയെ ഇന്ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇളം പച്ച ടീ ഷര്‍ട്ടും കറുത്ത മുഖാവരണമായിരുന്നു വേഷം.
സഹതാപത്തിനുവേണ്ടിയാണോ മുഖാവരണമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരുടെയും ചോദ്യം. ‘സഹതാപം നേടാന്‍ ബുര്‍ഖ ഉപയോഗിക്കുന്നു, വളരെ ചിന്തിക്കേണ്ടതാണ്’ എന്നായിരുന്നു വൈഭവ് ഭണ്ഡാരി എന്നായാളുടെ കമന്റ്.
‘നിയോണ്‍ ടീ ഷര്‍ട്ടും ബൂര്‍ഖയും, നല്ല ചേര്‍ച്ച, ഈ വസ്ത്രധാരണം അനുകരിക്കേണ്ടതാണ്’-അനു ഒഡിച്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
‘ബുര്‍ഖയില്‍ ഡോണ്‍’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
അധോലോക തലവന്‍ എന്തിന് ബുര്‍ഖ ധരിക്കുന്നുവെന്നായിരുന്നു വേറൊരു സംശയം.
രവി പൂജാരിയെക്കൊണ്ട് ബുര്‍ഖ ധരിപ്പിക്കുമെന്ന് ദാവൂദ് ഒരിക്കല്‍ പറഞ്ഞിരുന്നത് ചൂണ്ടിക്കാട്ടിയും ട്വീറ്റ് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: