കൊച്ചി : ആഴക്കടല്‍ മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്കായി വാട്സ്ആപ്പ് സന്ദേശമയച്ച മാധ്യമ പ്രവര്‍ത്തകയോട് കെഎസ്ഐഎന്‍സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍. പ്രശാന്ത് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചതായി പരാതി. മാതൃഭൂമി ലേഖിക പ്രവിത സന്ദേശമയച്ചപ്പോഴാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരത്തില്‍ ഒരു മറുപടി ലഭിച്ചത്.
ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമുണ്ടാകുമോ, വാര്‍ത്തയുടെ ആവശ്യത്തിനാണ് എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നടന് സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കര്‍ ആണ് തിരിച്ചയക്കുന്നത്. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല, പ്രതികരണം അറിയാന്‍ ആണെന്നും മാധ്യമ പ്രവര്‍ത്തക അറിയിച്ചതോടെ നടിയുടെ മുഖമുള്ള അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍ അയച്ചു നല്‍കുകയായിരുന്നു.
തുടര്‍ന്ന് താങ്കളില്‍ നിന്നും ഇത്തരത്തില്‍ ഒരു മറുപടി പ്രതീക്ഷിച്ചില്ലെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചതോടെ അയച്ച സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്യുകയും വാര്ത്തകിട്ടാനുള്ള എളുപ്പവഴി ഇതല്ല, ആള് മാറിപ്പോയി. ചില മാധ്യമ പ്രവര്‍ത്തകര്‍ ശുചീകരണത്തൊഴിലാളികളേക്കാള്‍ താഴ്ന്നവരാണെന്നും പ്രശാന്ത് മറുപടി നല്കി.
അതേസമയം ചാറ്റ് വിവാദമായതോടെ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ആയിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: